Fri. Mar 29th, 2024

റോയി മാത്യു

തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ കാലത്ത് മാർഗം കൂടിയ നമ്പൂരി കുടുംബത്തിന്റെ താവഴിയിൽപ്പെട്ട ആളാണ് ഞാനുമെന്നാണ് ഇന്നലെ വരെ കരുതിയിരുന്നത്. എന്റെ അപ്പനപ്പൂന്മാരുടെ കാലം മുതൽക്കേ കേട്ടു വന്ന ഞങ്ങളുടെ കുടുംബ മഹിമ അതായിരുന്നു. പത്തു പുത്തനുണ്ടായ കാലത്ത് ഞങ്ങടെ കുടുംബക്കാര് ചേർന്ന് കാളിയാങ്കൽ – എഴുമാലിൽ എന്നൊരു കുടുംബ ചരിത്രവും എഴുതി വെച്ചിട്ടുണ്ട്. ആഢ്യ നമ്പൂരി രക്തം സിരകളിലൂടെ ഒഴുകുന്നതിൽ വിജ്രംഭിച്ചു നടന്ന എന്റെ തലയ്ക്കടിയേറ്റ ഒരു സംഭവം ഇന്നലെ ഉണ്ടായി.

എനിക്ക് മാത്രമല്ല, ഭൂമി മലയാളത്തിലെ സകല ക്രിസ്ത്യാനികൾക്കും മാനക്കേടും നാണക്കേടുമുണ്ടാക്കുന്ന ഒരു ചരിത്ര പുസ്തകം ഹിന്ദുവായ എം ജി എസ്. നാരായണൻ എഴുതി പ്രചരിപ്പിച്ചിട്ടിവിടെ ചോദിക്കാനും പറയാനും ആരുമില്ല.?

കഴിഞ്ഞ വർഷം മലയാള മനോരമയുടെ ഭാഷാപോഷിണി മാസികയിൽ ടോമി വട്ടക്കുഴി എന്ന ചിത്രകാരൻ തുണി ഒടുക്കാത്ത കന്യാസ്ത്രിയുടെ ഒരു പടം വരച്ചു എന്ന് പറഞ്ഞ് റോഡിലിറങ്ങി അലമ്പ് കാണിച്ച കത്തോലിക്കാ മെത്രന്മാരും അച്ചന്മാരുമൊന്നും തോമാശ്ലീഹായ്ക്കെതിരെ പുസ്തകമെഴുതിയ എംജിഎസ്സിനെക്കുറിച്ച് ഉരിയാടുന്നില്ല. അതുക്കും മുന്നേ, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിന്റെ പേരിൽ ബിഷപ്പ് ജോസഫ് കുണ്ടുകുളം പിതാവിന്റെ നേതൃത്വത്തിൽ നാടൊട്ടുക്ക് വേണ്ട പെറപ്പ് കേട് കാണിച്ചിരുന്നു. അതൊക്കെ പഴയ കാര്യം.

കേരള പിറവിയുടെ 60 – ) o വാർഷിക ത്തോടനുബന്ധിച്ച് ഡിസി ബുക്ക്സ് ഇറക്കിയ പുസ്തക പരമ്പരയിൽപ്പെട്ടതാണ് എം ജി എസ് നാരായണൻ എഴുതിയ * കേരള ചരിത്രത്തിലെ 10 കള്ളക്കഥകൾ * ഈ പുസ്തകത്തിൽ കർത്താവിന്റെ ശിഷ്യനായ സെന്റ് തോമസ് കേരളത്തിൽ വന്നു എന്ന കഥ ശുദ്ധ തട്ടിപ്പും കള്ളക്കഥയുമാണെന്ന് MGS സമർത്ഥിക്കുന്നുണ്ട്.

” ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ഭഗവാന്റെ അപ്പോസ്തലന്മാരിൽ ഒരാളായ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ വന്നിറങ്ങി ചേരമാൻ പെരുമാളേയും ചില ബ്രാഹ്മണ കുടുംബക്കാരേയും (ശങ്കരമംഗലം, പകലോമറ്റം) മതം മാറ്റം നടത്തിയെന്നും പാലയൂർ തുടങ്ങി ചില ക്രിസ്ത്യൻ പള്ളികൾ സ്ഥാപിച്ചുവെന്നും കുരിശുകൾ നാട്ടിയെന്നുമുള്ള കഥയാണ് രണ്ടാമത് ഉപേക്ഷിക്കേണ്ടത് ” – (ആദ്യ കഥ പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായത് ) എന്നാണ് എംജിഎസ് എഴുതി വെച്ചിരിക്കുന്നത്.

തോമാശ്ലീഹായുടെ പേരും പാരമ്പര്യവും പറഞ്ഞ് ഇക്കണ്ട കാലം മുഴുവൻ ഉണ്ടാക്കി വെച്ച കഥകളും കച്ചവടവും പത്തു പുത്തനുമൊക്കെ ഇനി എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്നോർത്താണ് എനിക്ക് വേവലാതി. ശങ്കരമംഗലം, പകലോമറ്റം കുടുംബ ചരിത്രമെന്നൊക്കെ പേരിൽ എഴുതി വെച്ചിരിക്കുന്ന സാഹിത്യമൊക്കെ ശുദ്ധ തട്ടിപ്പാണെന്നും എംജിഎസ് സമർത്ഥിക്കുന്നു.

എം ജി എസ്സിന്റെ ഈ ചരിത്ര പുസ്തകം വായിച്ചപ്പോ സന്ദേശം സിനിമ യിൽ മാമുക്കോയ പറഞ്ഞ ഡയലോഗാണ് എനിക്കോർമ്മ വരുന്നത് – ” സ്കൂളിൽ പോയ ഒരുത്തൻ പോലും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?” എം ജി എസിനെ തിരെ ഒന്നുരിയാടാൻ മാമ്മോദീസ വെള്ളം വീണ ഒരുത്തനുമില്ലേ?തോമാശ്ലീഹായുടെ സിംഹാസത്തിൽ ആരൂഢനായിരിക്കുന്നു എന്നൊക്കെ പറഞ്ഞാണ് കേരളത്തിലെ സഭകളിലെ മെത്രാന്മാർ അവരുടെ കൂറിമാനങ്ങൾ (കല്പന) എഴുതി വിടുന്നത്.

കേരളത്തിലെ എക്കാലത്തേയും തലയെടുപ്പുള്ള MGS എന്ന ചരിത്രകാരൻ തന്നെ പറയുന്നു സെന്റ് തോമസ് കേരളത്തിൽ വന്നു എന്നത് കള്ളക്കഥയാണെന്ന്. അല്ലാ എന്ന് സ്ഥാപിക്കാൻ ഇവിടുത്തെ അച്ചായന്മാരുടെ കയ്യിൽ ചരിത്രപരമായ വല്ല കിടുതാപ്പുകൾ ഉണ്ടോ?

“തോമാ ക്രിസ്ത്യാനികൾ നേരത്തെ കേരളത്തിലുണ്ടാവാൻ അപ്പോസ്തലൻ തന്നെ ഇവിടെ വന്നു കൊള്ളണമെന്നില്ലല്ലോ. ഒന്നോ രണ്ടോ തലമുറയ്ക്കുള്ളിൽ, അല്ലെങ്കിൽ നൂറ്റാണ്ടുകൾക്കുള്ളിൽ അവർ കുടിയേറി പാർത്തിരിക്കാമെന്നും ” MGS പറയുന്നുണ്ട്. അപ്പോൾ ഇവിടെ തോമാശ്ലീഹായുടെ പേര് പറഞ്ഞ് നടത്തിവന്ന സകല ഉഡായിപ്പുകളും തട്ടിപ്പാണന്നല്ലേ എംജിഎസ് പറയുന്നത്?

ഇന്ത്യയിലോ കേരളത്തിലോ വരാത്ത സെന്റ് തോമസ് എന്നയാളുടെ പേര് പറഞ്ഞ് വെട്ടിപ്പിടിച്ചതും, വളച്ചെടുത്തതും, നടത്തിവന്നതും, നടത്തുന്നതു മായ സകല ഇടപാടുംകളും Null and Void അല്ലേ?
സെന്റ് തോമസ് മാർഗം കൂട്ടിയ നമ്പൂരി ഫാമിലി കൾ ഒന്നും ഇവിടെ ഇല്ല എന്ന് MGS പറഞ്ഞതു കേട്ടപ്പോൾ നാൽക്കവലയിൽ വെച്ച് ഉടുതുണി പറിച്ചോണ്ട് പോയ അവസ്ഥ യിലാണ് ഞാൻ.

പരശുരാമൻ കേരളം സൃഷ്ടിച്ചതും, മഹാബലി കേരളം ഭരിച്ചതും, ചേരമാൻ പെരുമാൾ നബിയെ കണ്ടതുമൊക്കെ കള്ളക്കഥയാണെന്ന് ഈ പുസ്തകത്തിൽ എംജിഎസ് എഴുതി വെച്ചിട്ടുണ്ട്. പരശുരാമനും, മഹാബലിക്കും, ചേരമാൻ പെരുമാളിനുമൊന്നും ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണ്. ഇവരുടെ യൊന്നും പേരിൽ സ്ഥാവരജംഗമ സ്വത്തുക്കളോ, കുടുംബക്കാരോ ഇല്ല. അതുപോലെ അല്ലല്ലോ തോമാശ്ലീഹാ – അതൊരു പ്രസ്ഥാനമാണ്.ഞങ്ങളുടെ കുലമഹിമയുടെ പ്രശ്നമാണ്.

ഇക്കാര്യത്തിൽ ആര് ഒരു നിവർത്തി ഉണ്ടാക്കും.? എന്റെ തോമ ശ്ലീഹ പാരമ്പര്യം തട്ടിപ്പാണെന്ന് എഴുതി വെച്ച MGS നെതിരെ മാനനഷ്ടം ഫയൽ ചെയ്യാൻ വകുപ്പുണ്ടോ എന്നന്വേഷിക്കാൻ കപിൽ സിബലിനേയോ ഹരീഷ് സാൽവേയോ ഒന്ന് കാണണം – ആലഞ്ചേരി പിതാവ് ഉൾപ്പടെ ആർക്കും ഇക്കാര്യത്തിൽ എന്നോടൊപ്പം കക്ഷി ചേരാം.