മലപ്പുറം പരപ്പനങ്ങാടിയില്‍ ആക്ഷന്‍ ഹീറോ ബിജുവായി പൊലീസുകാരന്. പൂവാല ശല്യത്തിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടി പാട്ടുപാടിച്ചാണ് സി ഐ അലവി പുലിവാലു പിടിച്ചത്. സംഭവം സഹപ്രവര്‍ത്തകനായ പൊലീസുകാരന് തന്നെ സമൂഹമാധ്യമങ്ങളിലിട്ടതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ കൃത്യം ചെയ്ത പ്രതികളെ ഇത്തരത്തില്‍ ശിക്ഷിക്കുന്ന പൊലീസുകാരനായാണ് നിവിന്‍ പോളി അഭിനയിച്ചത്. ഇത് അനുകരിച്ച സി ഐ യുടെ നടപടി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയായിരുന്നു.
നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട പോലീസ് ഓഫീസർ സിഐ അലവി.കസേരയില്‍ കയ്യാമംവെച്ച പതിനേഴുകാരന്റെ മറ്റൊരു വീഡിയോയും നേരത്തേ പുറത്തായിരുന്നു. ഈ സംഭവത്തിനു ശേഷവും അലവിക്കെതിരെ നടപടികള്‍ എടുത്തിട്ടില്ലെന്ന് മാത്രമല്ല, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച രണ്ടു പോലീസുകാരെ സസ്പെന്റ് ചെയ്യുകയാണ് ചെയ്തത്. മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്ന അലവിക്കെതിരെ അനേകം മനുഷ്യാവകാശ ലംഘന ആക്ഷേപങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.
പിടുകൂടുന്ന പല ആളുകളേയും അലവി ഇതേ രീതികളിലാണ് കൈകാര്യം ചെയ്യുന്നത്. മുമ്പുണ്ടായിരുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ പരാതിതന്നെയാണ് പരപ്പനങ്ങാടി മേഖലകളിലെ ജനങ്ങള്‍ക്കും അലവിക്കെതിരെ നിലനില്‍ക്കുന്നത്.


