Thu. Mar 28th, 2024

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ സച്ചിദാനന്ദന്. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒന്നര ലക്ഷമായിരുന്ന അവാര്‍ഡ് തുക ഈ വര്‍ഷമാണ് അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്.

1946 മെയ് 28 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച സച്ചിദാനന്ദന്‍ തര്‍ജ്ജിമകളടക്കം അമ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കവി, നാടകകൃത്ത്, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ ഭാഷയ്ക്ക് മികച്ച സംഭാവനകള്‍ സച്ചിദാനന്ദന്‍ നല്‍കി. വിശ്വ സാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാര്‍വിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരുടെ രചനകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് സച്ചിദാനന്ദനാണ്. 1989, 1998, 2000, 2009, 2012 വര്‍ഷങ്ങളില്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2012 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും സച്ചിദാനന്ദനെ തേടിയെത്തി.

എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മരം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം തുടങ്ങി പതിനഞ്ചില്‍ അധികം ലേഖന സമാഹാരങ്ങളും പല ലോകം പല കാലം, മൂന്നു യാത്ര എന്നിങ്ങനെ യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. ദേശാടനം, ഇവനെക്കൂടി, കയറ്റം, സാക്ഷ്യങ്ങല്‍, മലയാളം, കവിബുദ്ധന്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.