ഫൈബ്രുവരി 7: ശാസ്ത്ര വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യൻ വനിത, ഇ.കെ.ജാനകിയമ്മാൾ (1897 – 1984) സ്മരണ ദിനം
✍️ സി ആർ.സുരേഷ്
സ്ത്രീ വിദ്യാഭ്യാസം സാർവത്രികമായിട്ടില്ലാത്ത 1930 കളിൽ അമേരിക്കയിൽനിന്നും ഡോക്ടർ ബിരുദം നേടിയ, സസ്യ ശാസ്ത്രരംഗത്ത് ദേശാന്തര പ്രശസ്തിയുമുള്ള മലയാളി വനിതയാണ് ഇ.കെ.ജാനകിയമ്മാൾ (1897 – 1984) . ആൻ ആർബറിൽ നിന്ന് എം.എസ്സിയും പിഎച്ച്.ഡിയും പൂർത്തിയാക്കിയ അവർ സയൻസിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരി മാത്രമല്ല, അമേരിക്കൻ സർവകലാശാലകളിൽനിന്ന് സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയും ആണ്.
നാം ഇന്നു കാണുന്ന പല ഉദ്യാന സസ്യങ്ങളും കാർഷികവിളകളിലെ ഭിന്നജാതികളും അവരുടെ പരീക്ഷണത്തിൽ വിളഞ്ഞവയാണ്. ജവഹർലാൽ നെഹ്റുപോലും ആദരിച്ച അവർ ഇപ്പോഴും കേരളീയർക്ക് അജ്ഞാതയാണ്. തലശ്ശേരിയിലാണ് ജനനം.
ഭിന്ന വർഗ്ഗങ്ങൾ തമ്മിലുള്ള സങ്കരണം (വർഗ്ഗാന്തര സങ്കരണം) സാധ്യമാണെന്നു തെളിയിച്ച അവർ കരിമ്പും മറ്റു തൃണജാതികളും സങ്കരം നടത്തി ഏറ്റവും മധുരമുള്ള എസ്.ജി 63.32 എന്ന കരിമ്പിനം സൃഷ്ടിച്ചു. മണിച്ചോളത്തെക്കുറിച്ചുള്ള അവരുടെ പഠനം അധികവിഭജനവും ന്യൂക്ലിക് അമ്ലത്തിന്റെ അളവും തമ്മിൽ അവർ കണ്ടുപിടിച്ച ബന്ധം അർബുദരോഗത്തിന്റെ കാരണത്തെക്കുറിച്ചുള്ള ഗവേഷണത്തെയും സഹായിച്ചു.
ശതാവരി, പേര, മുളക്, കടുക്, കാലിത്തീറ്റപ്പുല്ലുകൾ തുടങ്ങിയ ഇനങ്ങളിൽ പുതിയ ജാതികൾ സൃഷ്ടിക്കുകയും അവയിൽ പലതും ഇന്നും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. സങ്കരണത്തിലൂടെയും ക്രോമസോം ഇരട്ടിപ്പിക്കലിലൂടെയും വെളുത്തുള്ളി, സർപ്പഗന്ധി, മിന്റ്, ഉഷമലരി തുടങ്ങിയവയുടെ മെച്ചപ്പെട്ട ഇനങ്ങളും ജാനകിയമ്മാൾ സൃഷ്ടിച്ചിട്ടുണ്ട്.
1945-ൽ, ലോകമെങ്ങുമുള്ള സസ്യശാസ്ത്ര വിദ്യാർത്ഥികളുടെ നിത്യപഠനഗ്രന്ഥമായ ‘ദ ക്രോമസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് സ്’ ഓക്സ്ഫോർഡിലെ വിഖ്യാത ശാസ്ത്രജ്ഞൻ സി.ഡി. ഡാർലിങ്ടണുമായി ചേർന്നു രചിച്ചു.
സ്വാതന്ത്ര്യാനന്തരം നെഹ്റുവിന്റെ ക്ഷണമനുസരിച്ച് ഇന്ത്യയിലെത്തി 1952-ൽ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുന:സംഘടനയിലും, സർവേയുടെ അലഹാബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലാബോറട്ടറി ഡയറക്ടറായും (1954-59) സേവനമനുഷ്ഠിച്ചു.
1957-ൽ ഇന്ത്യൻ നാഷണൽ അകാദമി ഓഫ് സയൻസസ് അംഗത്വവും 1957-ൽ പദ്മശ്രീ നല്കിയും രാജ്യം ആദരിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2000 മുതൽ ലോക പരിസ്ഥിതിദിനത്തിൽ ‘ഇ.കെ.ജാനകിഅമ്മാൾ നാഷണൽ അവാർഡ് ഫോർ ടാക്സോണമി’ എന്ന പുരസ്കാരം നൽകി വരുന്നു.

