ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ നടത്തിയ അശ്ലീലപരാമര്‍ശത്തില്‍ കിരണ്‍ ദാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. കേസില്‍ ആദ്യം ആരോപണവിധേയനായിരുന്ന അജ്‌നാസിന്റെ പേരിലുള്ള എഫ്ബി ലിങ്കില്‍ കിരണ്‍ദാസിന്റെ പ്രൊഫൈലാണ് അടിസ്ഥാന ഐഡിയായുള്ളത്. ഫറോക്ക് സ്വദേശിയായ കിരണ്‍ദാസ് ബിജെപിയുടെ സജീവപ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ബിജെപിയിലെ ചില ഗ്രൂപ്പ് വഴക്കുകളില്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവന്റെ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
തനിക്കെതിരെ കേസെടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പൊലീസ് ഉത്തരവാദിയാകുമെന്ന വിചിത്രമായ ഒരു പരാതിയും കിരണ്‍ദാസ് നല്കിയിട്ടുണ്ട്. ഇത്തരമൊരു പരാതി ആദ്യമായാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ തന്റെ എഫ്ബി ഐഡി ജനുവരില്‍ നാലിന് ഹാക്ക് ചെയ്‌തെന്ന് പറഞ്ഞ് അഞ്ചിനും ഒന്‍പതിനും ഇ-മെയിലിലൂടെ കിരണ്‍ദാസ് കോഴിക്കോട് ഫറോക്ക് പൊലീസിന് പരാതി നല്‍കിയിരുന്നു. തന്റെ ഐഡി വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ വിശദീകരണവുമായി കേസില്‍ ആരോപണ വിധേയനായ അജ്‌നാസ് രംഗത്തെത്തിയിരുന്നു. തന്റെ പേരിലുള്ള വ്യാജ വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്നും അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും അജ്‌നാസ് പറഞ്ഞിരുന്നു.