Fri. Nov 20th, 2026

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ ക അഡ്വാനിയടക്കമുള്ള മുഴുവന്‍ പ്രതികളേയും വെറുതെവിട്ട സി ബി ഐ കോടതി ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണും.

നാണംകെട്ട കോടതി വിധിയാണ് സി ബി ഐ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ?. ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ സി ജെ ഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി നാണക്കേടാണ്. നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണിതെന്നും യെച്ചൂരി ട്വിറ്ററില്‍ വിമര്‍ശിച്ചു.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനിയടക്കമുള്ള 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്നോവിലെ പ്രത്യേക സി ബി ഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോയും അഭിപ്രായപ്പെട്ടു. ഈ വിധി, ഭരണഘടനയാല്‍ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും. ഇതിനെതിരെ സി ബി ഐ ഉടന്‍ തന്നെ അപ്പീല്‍ നല്‍കണമെന്നും പി ബി പ്രസ്താവനയില്‍ അറിയിച്ചു.

28 വര്‍ഷമെടുത്തിട്ടും നീതി നടപ്പാക്കപ്പെട്ടില്ല.കുറ്റകൃത്യത്തിന് നേതൃത്വം നല്‍കാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബി ജെ പി- വി എച്ച് പി- ആര്‍ എസ് എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ലഖ്നോ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികള്‍ മുഴുവന്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുകയാണെന്നും പി ബി കുറ്റപ്പെടുത്തി.

പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നായിരുന്നു പ്രശസ്ത അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്റെ പ്രതികരണം. അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പറഞ്ഞു.