ലിബി.സി.എസ്
ഓൺലൈൻ വഴി പ്രാർത്ഥിക്കുവാനും വഴിപാടുകളും പൂജകളും നടത്തുവാനും എന്തിന് തേങ്ങയടിക്കുവാനും ഇപ്പോൾ സൗകര്യമുണ്ട്. ഏതു ക്ഷേത്രത്തിലേയും പ്രസാദം നിങ്ങൾക്ക് ഓൺ ലൈൻ വഴി ബുക്കു ചെയ്തു വരുത്താം. ബെയിൻ ആൻഡ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഗുഞ്ചൻമാൾ തന്റെ ജോലി രാജി വച്ച് തുടങ്ങിയിട്ടുള്ള ഓൺലൈൻ പ്രസാദ കമ്പനി ഇപ്പോൾ വൻവിജയത്തിലാണ്. ഇന്ത്യയിലെ പ്രധാന 50 ക്ഷേത്രങ്ങളിലെ പ്രസാദങ്ങൾ ഭക്തർക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം എന്ന് ഗുഞ്ചൻമാൾ പറയുന്നു. പ്രസാദത്തിനായി നീണ്ട ക്യൂവിൽ കാത്തുനിന്ന് ഭക്തർ വിഷമിക്കുന്നതു കണ്ടപ്പോഴാണത്രേ ഗുഞ്ചൻമാളിനീ ആശയം ഉദിച്ചത്.
ആഗോളവൽകൃത കാലഘട്ടത്തിലെ ദുരിതങ്ങൾക്കുള്ള പരിഹാരവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ആൾ ദൈവങ്ങളും ജ്യോത്സ്യന്മാരും മന്ത്രവാദികളും സിദ്ധന്മാരും വാസ്തു വിദഗ്ധരും ആസൂത്രീതമായ പ്രവർത്തനങ്ങളിലൂടെ ജനത്തെ ആത്മീയക്കെണിയിൽ വീഴ്ത്തുന്നു. മക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, ഭർത്താവിന്റെ ഉദ്യോഗകയറ്റം, പെൺ മക്കളുടെ വിവാഹം, മക്കളുടെയും ഭർത്താവിന്റെയും മദ്യപാനാസക്തി. അയൽക്കാരുമായുള്ള അതിർത്തി തർക്കം, ഭർത്താവിന്റെ/ഭാര്യയുടെ അവിഹിതബന്ധം, മാരകരോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ‘ആത്മീയവൈദ്യന്മാർ’ ഒറ്റമൂലികൾ കുറിച്ചുകൊടുക്കുന്നു.
റെയികി, ഭൗസിങ്, പാകൾ, വിക്കാൻ, ചക്ര, വാസ്തു, ഫെങ്ങ്ഷ്ഠയി തുടങ്ങി വ്യത്യസ്ത പേരുകളിലാണീ തട്ടിപ്പ് അരങ്ങേറുന്നത്. ഏതു പ്രശ്നത്തിനും പരിഹാരം വീട് പുതുക്കി പണിയലാണെന്ന് വാസ്തു വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യയിൽ 15000 കോടി രൂപയുടെ ഭക്തി / അന്ധവിശ്വാസ കച്ചവടമാണു നടന്നുവരുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ ആത്മീയ കമ്പോളം. ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ആത്മീയത വിറ്റഴിക്കുന്നതിനു വേണ്ടി വിദഗ്ധമായി ഉപയോഗപ്പെടുത്തുന്നു.
‘പ്രൗഡ് ഉമ്മ’ എന്ന സൈറ്റ് തുടങ്ങിയിരിക്കുന്ന ആബിദ്ഖാൻ ഗൂഗിളിലെ ജോലി ഉപേക്ഷിച്ചാണ് ആത്മീയ വിപണിയുടെ ഭാഗമായത്. ഹജ്ജിനു പോകേണ്ടവർക്കുള്ള 24 സാധനങ്ങളുടെ കിറ്റാണ് ആബിദ്ഖാൻ നൽകുന്നത്. 3000-4500 രൂപ വിലവരുന്ന കിറ്റുകൾക്ക് വൻ ഡിമാന്റാണ്. കോടികണക്കിനു രൂപയുടെ ജപമാല വ്യാപാരമാണ് ഇന്ത്യയിൽ നടന്നുവരുന്നത്. ഏതു മതവിഭാഗത്തിനും ആവശ്യമായ ജപമാലകൾ ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്ന വൻ കമ്പനികളുണ്ട്.
ജപമാലയ്ക്കു പുറമേ ശംഖ്, ഏലസ്, പല നിറങ്ങളിൽ പല പ്രശ്നങ്ങൾക്കുള്ള ചരടുകൾ, രുദ്രാക്ഷങ്ങൾ, അത്ഭുതശക്തിയുള്ള ലോക്കറ്റുകൾ, മോതിരങ്ങൾ തുടങ്ങിയവയുടെ കച്ചവടം തകൃതിയായി നടക്കുന്നു. എത്രലക്ഷം കോടിയുടെ തട്ടിപ്പാണ് ആത്മീയതയുടെ പേരിൽ ഇത്തരത്തിൽ നടക്കുന്നതെന്നു കൃത്യമായി ആരും തിട്ടപ്പെടുത്തിയിട്ടില്ല.
ലക്ഷക്കണക്കിനു രൂപ ബാങ്ക് വായ്പയെടുത്തു നിർമ്മിച്ച വീട് പൊളിച്ചു പണിതതിനുശേഷം എത്രപേർക്കു മനഃശാന്തി കിട്ടിയെന്ന് ആരും തിരക്കുന്നില്ല.
ലൗകികജീവിതം ആനന്ദപ്രദമാക്കുന്നതിനുള്ള ഉപായങ്ങളാണ് സിദ്ധന്മാരും ജ്യോതിഷികളും മന്ത്രവാദികളും ഉപദേശിക്കുന്നത്. ദിവ്യാത്ഭുതങ്ങളുടെ മറവിൽ കടുത്ത സാമ്പത്തിക ചുഷണത്തിനൊപ്പം ലൈംഗിക ചൂഷണവും നടന്നു വരുന്നു. ‘കഴിഞ്ഞ ജന്മത്തിലെ ഭർത്താവായി’ പല സിദ്ധന്മാരും പുനരവതരിക്കുന്നു. ആത്മീയന്തരീക്ഷത്തിൽ ബോധം മറയുന്ന സ്ത്രീകൾ സ്വയം അറിയാതെ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു.
ആത്മീയസ്വയം സംരംഭങ്ങളിലെ ഏറ്റവും പ്രധാന ഉപഭോക്താക്കൾ സ്ത്രീകളാകുന്നതാണ് ആത്മീയ വ്യാപാരികൾക്ക് സൗകര്യം. അപസ്മാരവും മനോരോഗവും സ്ത്രീകൾക്കുണ്ടാകുമ്പോൾ അതു ബാധകയറിയതാകുകയും പുരുഷന്മാർക്കാകുമ്പോൾ രോഗവും ആണെന്നാണ് പൊതുധാരണ. ഹിസ്റ്റീരിയ എന്ന വാക്കു തന്നെ ‘ഗർഭപാത്രം’ എന്നതിൽ നിന്നുണ്ടായതാണ്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ കടുത്ത സംഘർഷങ്ങളിലൂടെ കടന്നു പോകുന്നതിനാലാകാം സ്ത്രീകൾക്കിത്തരം രോഗങ്ങൾ കൂടുതലായി ഉണ്ടാകുന്നതെന്ന് ഡോ. നരേന്ദ്ര ധബോൽക്കർ തന്റെ ഒരു ലേഖനത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അപസ്മാരത്തിന് 21ാം നൂറ്റാണ്ടിലും മന്ത്രത്തേയും തന്ത്രത്തേയും ആശ്രയിക്കുന്നവരാണ് ഇന്ത്യയിലെ സാധാരണക്കാർ. കരുനാഗപ്പള്ളിയിൽ സിറാജുദ്ദീൻ എന്ന സിദ്ധന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാത്തിമയ്ക്കും മനോരോഗമായിരുന്നുവെന്നു പറയപ്പെടുന്നു.
കേരളത്തിൽ പത്തു ശതമാനം പേർക്കു മനോരോഗം ഉണ്ടെന്നാണ് ഔദ്യോഗിക കണക്കെന്നിരിക്കെ കൂടുതൽ മനോരോഗ ചികിത്സാ കേന്ദ്രങ്ങൾ ഗ്രാമങ്ങളിൽ ഉൾപ്പെടെ ആരംഭിക്കുന്നതിന് തയ്യാറായില്ലെങ്കിൽ കൂടുതൽ ഫാത്തിമമാർ സൃഷ്ടിക്കപ്പെടുകയായിരിക്കും ഫലം.

സംഘപരിവാരത്തിന്റെ എല്ലാ പിന്തുണയോടും കൂടി കോർപ്പറേറ്റു സാമ്രാജ്യങ്ങൾ സ്ഥാപിച്ചിരിക്കുന്ന ആൾദൈവങ്ങളാണ് ആത്മീയ കമ്പോളത്തിലെ ബിൽഗേറ്റ്സുമാർ. സന്യാസിവേഷത്തിലുള്ള ചീഫ് എക്സിക്യൂട്ടിവ് ഓഫീസർമാരാണ് ശ്രീശ്രീ രവിശങ്കറും അമൃതാനന്ദമയീ ദേവീയും ആശാറാം ബാപ്പുവും രാംദേവും ഉൾപ്പെടെയുള്ളവർ. ഇന്ത്യയിലെ പുരാതനകാലത്തെ ഋഷിമാർ കാട്ടിൽ തപസ്സു ചെയ്യുന്ന ലൗകികവിരക്തി നേടിയവരാണെന്നാണല്ലോ സങ്കൽപ്പം. ഫലമൂലാദികൾ ഭക്ഷിച്ച് കഠിനതപസ്സ് അനുഷ്ഠിച്ച സന്യാസിമാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. ശ്രീബുദ്ധനെപോലെ രാജ്യാധികാരവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചവരും ഉണ്ടായിരുന്നു.
എന്നാൽ ഇന്നത്തെ ആൾ ദൈവങ്ങൾ സുഖലോലുപതയിലും ആർഭാടത്തിലും ആഢംബരത്തിലും അഭിരമിക്കുന്നവരാണ്. കോടികൾ വിലവരുന്ന എയൽകണ്ടീഷൻ ചെയ്ത ചലിക്കുന്ന കൊട്ടാരങ്ങളിൽ വന്നിറങ്ങി ഭക്തരെ ഉദ്ബോധിപ്പിക്കുന്നവരാണീ ആൾദൈവങ്ങൾ. ടി വി ചാനലും ആശുപത്രികളും വിദ്യാലയങ്ങളും സ്ഥാപിച്ച് കോടികളുടെ ലാഭം ഉണ്ടാക്കുന്നവർ. റോൾസ് റോയിസ് കാറുകൾ സ്വന്തമായുണ്ടായിരുന്ന ഓഷോ രജനീഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിക്കുന്നതിന് 500 രൂപയുടെ പാസ് ഏർപ്പെടുത്തിയിരിക്കുകയാണ്.

ശ്രീ ശ്രീ രവിശങ്കർ സ്വയം ഉണ്ടാക്കിയെടുത്ത സുദർശനക്രിയയെന്ന ഗുളികരൂപത്തിലുള്ള യോഗാഭ്യാസം ഇന്ന് കോർപ്പറേറ്റ് ഐ ടി സ്ഥാപങ്ങളിലെ ജീവനക്കാരുടെ ശാരീരിക മാനസിക സംഘർഷം കുറക്കുന്നതിനുള്ള മാർഗമായി കുറിച്ചുകൊടുക്കുന്നു. ഐ ടി മേഖലയിൽ നടക്കുന്ന തൊഴിൽ ചൂഷണം ജീവനക്കാരെ കടുത്ത അസംതൃപ്തിയിലേക്കും നിരാശയിലേക്കും നയിക്കുമ്പോൾ കോർപ്പറേറ്റ് മുതലാളിമാർ സുദർശനക്രിയയുടെ കുറിപ്പടി എഴുതിക്കൊടുക്കുന്നു. ഒരാൾക്കിതിന്റെ ഫീസ് ശരാശരി 5000 രൂപയാണ്.

ഓരോ ആൾ ദൈവത്തിനും ഉണ്ട് ഇത്തരത്തിൽ തനതു വിപണന തന്ത്രം അഥവാ യു ശിസ് പി ശ്രിശ്രീയ്ക്ക് സുദർശനക്രിയയാണെങ്കിൽ അമൃതാനന്ദമയിക്കത് ആലിംഗനം ആയിരിക്കും. ഇതുവരെയുള്ള എല്ലാ ആൾദൈവങ്ങളും ഉയർന്ന പീഠത്തിൽ ഭക്തരിൽ നിന്നും അകലെ ഇരിക്കുമ്പോൾ അമൃതാനന്ദമയി തികച്ചും’ജനകീയ’മായി ഭക്തരെ ആശ്ലേഷിച്ചുകൊണ്ടാണ് പ്രശസ്തിയിലേക്കുയർന്നത്. സായിബാബ ആദ്യഘട്ടങ്ങളിൽ ഭസ്മവും സ്വിസ് വാച്ചും വിരലനക്കത്തിലൂടെ സൃഷ്ടിച്ചെടുത്ത് ജനത്തെ അൽഭുതപരതന്ത്രരാക്കി. യുക്തിവാദികളായ ഇടമറുകും മറ്റും ഇതേ വിദ്യ കാണിച്ചപ്പോഴാണ് ബാബയ്ക്ക് വിലയിടിഞ്ഞത്.
ഈ ആൾദൈവങ്ങൾക്ക് വിദേശത്തു നിന്നും ഒഴുകുന്ന പണത്തിന്റെ കണക്ക് ആർക്കും പരിശോധിക്കാവുന്നതാണ്. കേരളത്തിൽ കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ചാണ് ഏറ്റവും അധികം വിദേശപണം ഉപയോഗിക്കുന്നത്. 2003-04ൽ 2.06 കോടി രൂപയായിരുന്നെങ്കിൽ 2011-12ൽ ഈ തുക 190.05 കോടിയായാണ് ഉയർന്നത്. അമൃതാനന്ദമയി മഠത്തിലേക്ക് വരുന്നത് 98.64 കോടി രൂപയാണ്. ഇതെല്ലാം ഔദ്യോഗിക കണക്കു മാത്രമാണെന്നോർക്കണം.

‘വിശുദ്ധനരകം’ എന്ന ഗ്രന്ഥത്തിലൂടെ ഗെയിൽ ട്രെഡവെൽ എന്ന ഗായത്രി അമൃതാനന്ദമയിയെന്ന സുധാമണിയുടെ ആശ്രമത്തിലെ വിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ കേരളീയ സമൂഹം ഞെട്ടിത്തെറിച്ചു. ആശാറാം ബാപ്പുവും രാംദേവും പോലെയുള്ളവർ അഴിക്കകത്തായപ്പോഴാണ് ഭക്തർ വിശ്വസിച്ചത്. സായിബാബയുടെ ആശ്രമത്തിൽ യുവാക്കൾ വെടിയേറ്റു മരിച്ചപ്പോൾ ചിലരെങ്കിലും സംശയാലുക്കളായി. ഇപ്പോൾ കേരളത്തിൽ നിന്നുള്ള ഒരു യുവാവിനെ അടുത്ത സായിബാബയാക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
ആത്മീയ വ്യാപാരവും അതിനോടനുബന്ധിച്ചു നടക്കുന്ന പലതരത്തിലുള്ള പ്രവർത്തനങ്ങളും പാരമ്പര്യത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും ആർഷഭാരത സംസ്കാരത്തിന്റെയും പേരിലായതുകൊണ്ടു തന്നെ ഇവയ്ക്കെതിരായ പ്രവർത്തനങ്ങൾ എളുപ്പമല്ല. എന്നാൽ മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും ഉയർത്തിപിടിക്കുന്ന ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് നിലവിലുള്ള നിയമങ്ങളെ ആയുധമാക്കിയാൽ ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും വേണ്ടിയുള്ള പ്രചരണം ഫലപ്രദമാക്കുവാൻ കഴിയും.

മഹാരാഷ്ട്രയിൽ നരേന്ദ്ര ധബോൽക്കർ തന്റെ ജീവൻ ബലി അർപ്പിച്ചത് അന്ധവിശ്വാസചൂഷണത്തിനെതിരെയുള്ള നിയമനിർമ്മാണത്തിനായിട്ടായിരുന്നു. കേരളവും അത്തരമൊരു നിയമത്തിനായി കാത്തിരിക്കുന്നു..
നരേന്ദ്ര ദബോല്‍ക്കര്‍ വധത്തിന് ശേഷമാണ് മഹാരാഷ്ടയില്‍ അന്ധവിശ്വാസങ്ങള്‍ വിരുദ്ധ ബില്‍ അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങളെ എതിര്‍ത്ത കന്നഡ പുരോഗമന സാഹിത്യകാരന് എം.എം.കല്‍ബുര്‍ഗി വധിക്കപ്പെട്ടതോടെ പുരോഗമന സംഘടനകളും എഴുത്തുകാരും ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയിരുന്നു.
പുരോഗമന സംഘടനകളും എഴുത്തുകാരും യോഗം ചേര്‍ന്ന് സര്‍ക്കാരില്‍ സമര്‍ദം ചെലുത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. നാഷണല്‍ ലോ സ്കൂള്‍ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ 2013 ഡിസംബറിലാണ് നിയമത്തിന്റെ കരട് രൂപം സര്‍ക്കാരിന് സമര്‍പ്പിച്ചത്. എല്ലാ തരത്തിലുള്ള അന്ധവിശ്വാസങ്ങളും കുറ്റകൃത്യമാക്കിക്കൊണ്ടാണ് നിയമത്തിന് രൂപം നല്‍കിയത്.
https://newsgil.in/en/2018/08/03/online-cunsultency-advt/