Sun. Nov 22nd, 2026

ശ്രീകാര്യത്തു നിന്നും ചെമ്പഴന്തി പോത്തന്‍കോട് റോഡില്‍ ഏഴു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ ചേങ്കോട്ടുകോണത്തിനും കാട്ടായിക്കോണത്തിനും ഇടയ്ക്കുള്ള മടവൂര്‍പാറ ജങ്ഷനിലെത്താം. ഇവിടെനിന്നു അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മടവൂര്‍പാറയുടെ അടിവാരത്തെത്താം. പാറയുടെ അടിവാരത്തു നിന്നും പാറയില്‍ തന്നെ കൊത്തിയുണ്ടാക്കിയിട്ടുള്ള 41 പടികള്‍ കയറിയാല്‍ ഗുഹാക്ഷേത്രത്തിന്റെ മുന്‍വശമെത്താം. ഏകദേശം നാലടി വീതിയിലും പന്ത്രണ്ട് അടിയോളം നീളത്തിലും പാറ തുരന്നുണ്ടാക്കിയ മുഖമണ്ഡപത്തില്‍ ഇരുപതോളം പേര്‍ക്കു നില്‍ക്കാന്‍ കഴിയും. ഇതിന്റെ മധ്യഭാഗത്തായുള്ള പ്രവേശനകവാടത്തിലൂടെ നോക്കുമ്പോള്‍ പാറ തുരന്നുണ്ടാക്കിയിട്ടുള്ള മറ്റൊരു അറയാണുള്ളത്. ഇതിനു ഏഴടിയോളം ഉയരമുണ്ട്. ഇതിന്റെ ഇടതുഭാഗത്തായി സുബ്രമണ്യന്റെയും വലതുഭാഗത്തായി ഗണപതിയുടെയും വലിയരൂപങ്ങള്‍ പാറയില്‍ കൊത്തിയുണ്ടാക്കിയിട്ടുണ്ട്.

സമുദ്ര നിരപ്പില്‍നിന്നു 350 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മടവൂര്‍പ്പാറയിലെ ഗുഹാക്ഷേത്രം. ബുദ്ധ, ജൈന സംസ്‌കൃതിയുടെ ഭാഗമായാണ് ചരിത്രകാരന്‍മാര്‍ ഈ ഗുഹാക്ഷേത്രത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ളതാണ് ഗുഹാക്ഷേത്രം.

ഈ ഗുഹയുടെ മധ്യഭാഗത്തുനിന്നും അഞ്ചടിയില്‍ താഴെ ഉയരത്തിലുള്ള പ്രവേശനകവാടം കഴിഞ്ഞ് കയറുന്നതാണ് ശിവലിംഗം ഇരിക്കുന്ന ശ്രീകോവില്‍. എട്ടടിക്ക് താഴെ മാത്രം ചതുരാകൃതിയില്‍ ഉള്ളതാണ് ശ്രീകോവില്‍. ഇതിനു മധ്യഭാഗത്താണ് വളരെ ഉയരത്തിലുള്ള ശിവലിംഗം. തനതു പാറയില്‍ തന്നെ കൊത്തിയെടുത്തിട്ടുള്ള ഈ ശിവലിംഗത്തിന് കല്ലില്‍ കൊത്തിയ ഒരു പീഠവുമുണ്ട്. പടിഞ്ഞാറ് ദര്‍ശനമായ ഇതിന് ഒരു പ്രദക്ഷിണപഥവുമുണ്ട്. ഗുഹാക്ഷേത്രത്തിന്റെ പുറത്ത് പ്രാചീന ലിപിയില്‍ ‘1042-ാമാണ്ട് ആവണിമാസം 30-ാം തീയതി മടവൂര്‍ ചാന്തി കെ ചവന്‍ പോറ്റി കംപവിളക്ക് തീര്‍പ്പിച്ചു’ എന്ന് കൊത്തിവെച്ചിട്ടുണ്ട്.

നാലുവശവും കാടുകളാല്‍ ചുറ്റപ്പെട്ട് ഒരു പടുകൂറ്റന്‍ പാറയുടെ ഒത്തമധ്യത്തിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ഗുഹാക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി പാറയുടെ മധ്യത്തില്‍ ഒരു നീരുറവയുണ്ട്. പാറയുടെ ഒരുഭാഗത്ത് ഉരുളിയുടെ ആകൃതിയില്‍ കൊത്തിയുണ്ടാക്കിയ ഒരുകുളത്തിലാണ് ഈ വെള്ളം ശേഖരിക്കപ്പെട്ടിരുന്നത്. ഈ ഉറവ ഇപ്പോള്‍ പുരാവസ്തു വകുപ്പ് കെട്ടി സംരക്ഷിച്ചിട്ടുണ്ട്.

ഇതിന്റെ സമീപത്തായി അമ്മയും മകളും എന്ന പേരില്‍ ചേര്‍ന്ന് ചെറിയ രണ്ടു പാറകളുണ്ട്. ഗുഹാക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി ആട്ടപ്പെട്ടിയുടെ ആകൃതിയില്‍ ഒരുപാറയുണ്ട്. ഇതിനെ പൊന്നുംപത്തായമെന്നാണ് വിളിക്കുന്നത്. ഗുഹാക്ഷേത്രത്തില്‍ ശിവരാത്രിയാണ് പ്രധാന ഉത്സവമായി മുമ്പ് നാട്ടുകാര്‍ കൊണ്ടാടിയിരുന്നതെങ്കിലും ഇപ്പോള്‍ ക്ഷേത്രാചാരങ്ങളില്‍ മാത്രമായി അത് ഒതുങ്ങി.