Sun. Nov 22nd, 2026

ബിന്ദുവിന്റെയും കനകദുർഗയുടെയും ശബരിമല ദർശനത്തിന്റെ പേരിൽ കേരളത്തിൽ സംഘപരിവാർ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലും കൂടുതൽ യുവതികളെ എത്തിക്കാൻ തന്നെയാണ് നവോത്ഥാനകേരളം ശബരിമലയിലേക്ക് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ തീരുമാനമെന്ന് അഡ്മിന്മാർ വ്യക്തമാക്കി.

ഭരണഘടനയുടെ ആർട്ടിക്കിൾ 19 എ നിർദ്ദേശിച്ച സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്‌ മേൽ നിയന്ത്രണമേർപ്പെടുത്താനുള്ള കോർപ്പറേറ്റ് താത്പര്യങ്ങൾ ഭരണകൂടങ്ങൾ പൊടിതട്ടിയെടുക്കുകയും ചില അഭിഭാഷകർ ഉൾപ്പെടെ നീതി അന്യായപ്പെടുത്തുന്ന ചെയ്തികൾ പ്രദർശിപ്പിക്കുകയും ചെയ്ത വർത്തമാന കാലഘട്ടത്തിലാണ് നാലാം ലിംഗം എന്ന പരിഹാസ പ്രയോഗം നാം കേട്ടത്.ഇരു കണ്ണുള്ള അന്ധൻമാർ, മൂന്നാം തൃക്കണ്ണുതുറന്നിട്ടും കാണാതെ പോകുന്ന കാഴ്ചകൾ ഈ നാലാം കണ്ണുകാരൻ കാട്ടിക്കൊടുക്കും.

‘ഒളിമ്പിക്സിലെ ഓട്ടമത്സരമാണെങ്കിലും വിജയം നേടിയാൽ ഒന്നാമനും രണ്ടാമനും മൂന്നാമനും ആദ്യം നോക്കുന്നത്‌ ഈ ‘നാലാമന്റെ’ നേരെയാണ്‌. നീതി കിട്ടാതായാൽ പൊലീസും വക്കീലും ചിലപ്പോൾ ജഡ്ജി പോലും തിരയുന്നതും ഈ ‘നാലാമനെ’യാണ്‌. കുടിവെള്ളം നിലച്ചാൽ, തെരുവ്‌ വിളക്കണഞ്ഞാൽ, ആശുപത്രിയിൽ മരുന്നിന്‌ പോലും കാരുണ്യമില്ലാതായാൽ വിളിക്കും, ഈ നാലാമനെ…’എന്നാൽ ജനാധിപത്യത്തിന്റെ ഈ നാലാം ലിംഗക്കാരുടെ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലെ ചില റിപ്പോർട്ടുകൾ കണ്ടാൽ ജനാധിപത്യബോധം അശേഷം തീണ്ടിയതായി കാണാനില്ലെന്ന് നവോത്ഥാനകേരളം ശബരിമലയിലേക്ക് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ പറയുന്നു.

നവോത്ഥാന കേരളംശബരിമലയിലേക്ക്  ഫേയ്സ്ബുക്ക് കൂട്ടായ്മ യുവതികൾക്ക് ശബരിമലയിൽ എത്താനുള്ള സഹായം ചെയ്യുന്നതിനെ സംഘികൾ തീവ്രവാദമായി ചിത്രീകരിക്കുന്നത് മനസിലാകും എന്നാൽ സുപ്രീംകോടതി വിധിയിലൂടെ നിയമമായി തീർന്ന ഒരു കാര്യം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും അംഗീകരിക്കാത്ത ചില ക്രിമിനലുകൾ വെല്ലുവിളിയുയർത്തുമ്പോൾ ഒറ്റക്കോ കൂട്ടമായോ യുവതികൾ ശബരിമലയിലെത്തുന്നതോ അവർക്ക് സഹായം ചെയ്യുന്നതോ ഈ നാലാംലിംഗക്കാരിൽ ചിലർ ആർക്കുവേണ്ടിയാണ് തീവ്രവാദമായി ചിത്രീകരിച്ച് വാർത്ത പടച്ചുവിടുന്നത്? വാസ്തവത്തിൽ ഇവർ ചെയ്യുന്നതും രാജ്യദ്രോഹവും സുപ്രീംകോടതി വിധിയുടെ ലംഘനവുമല്ലേ? എന്നവർ ചോദിക്കുന്നു.

കേരളത്തിലെ സകല രാഷ്ട്രീയ പാർട്ടികളും ആദ്യം സ്വാഗതം ചെയ്ത സുപ്രീംകോടതിയുടെ ഈ ചരിത്രവിധിക്കെതിരെ കലാപം സംഘടിപ്പിച്ചതിൽ രാഹുൽ ഈശ്വറിനൊപ്പം തന്നെ പങ്കുള്ളവരാണ് കേരളത്തിലെ ചില മാധ്യമങ്ങളും എന്നതും വിസ്മരിക്കപ്പെടരുത്.

ജനുവരിയിൽ ശബരിമലയിൽ ദർശനത്തിന് താത്പര്യമുള്ള യുവതികൾ സഹായത്തിനായി വിളിക്കുവാനുള്ള ഫോൺ നമ്പരടക്കം നൽകി നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ മുന്നോട്ട് പോകുകയാണ്. പോകാൻ ആഗ്രഹിക്കുന്ന ഏത് യുവതികൾക്കും വേണ്ടസഹായങ്ങൾ ചെയ്തുതരാൻ ഈ കൂട്ടായ്മ സന്നദ്ധമായിരിക്കുമെന്ന് അവർ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച സന്നിധാനത്ത് ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഈ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. ഇനി പോലീസ് സുരക്ഷ ആവശ്യമില്ല. സാധാരണക്കാരെപോലെ പോകാൻ താത്പര്യമുള്ള യുവതികൾക്കും ശബരിമലയിൽ പോകാൻ കഴിയണം . അതുകൊണ്ട് തന്നെ പൊലീസിന്റെ സഹായത്തോടെയാവില്ല ഇനിയുള്ള ശ്രമങ്ങൾ. ബിന്ദുവിനും കനകദുർഗ്ഗയ്ക്കും ശബരിമലയിൽ എത്താനായത് ഈ മാസം 24 മുതൽ നടത്തിയ സംഘടിതമായ ശ്രമത്തിന്റെ ഫലമാണ്.

യുവതികൾ ശബരിമലയിൽ ദർശനം നടത്തുന്നത് അംഗീകരിക്കാൻ കേരളത്തിന്റെ മനസിനെ പരുവപ്പെടുത്തുന്നത് വരെ ഈ കൂട്ടായ്മ തുടരുമെന്നും അവർ വ്യക്തമാക്കി .