Sun. Nov 22nd, 2026

✍️ പ്രകാശൻ പുത്തൻതറ

പശുവും ഈഴവനുമായുള്ള നാട്ടുനടപ്പ് ബന്ധവും ചേര്‍ത്തലയിലെ ഉഴുതുമ്മേല്‍ കിട്ടൻഎന്ന സാമൂഹ്യപരിഷ്കര്‍ത്താവ്‌, ഈഴവരെ സംഘടിപ്പിച്ച് നടത്തിയ ചെറുത്തുനിൽപ്പുകളും

ചരിത്രജ്ഞാനം ഏതൊരു മനുഷ്യനും ഉണ്ടാകേണ്ട അത്യാവശ്യ സംഗതിയാണ്. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും ചൂഷണത്തിന് വിധേയമാകാതിരിക്കാനും ചരിത്ര ജ്ഞാനം നമ്മെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് സംഘപരിവാര്‍ പ്രഭൃതികള്‍ ചരിത്രം വളച്ചൊടിക്കാനും തിരുത്തലുകള്‍ വരുത്താനും വളരെയധികം ശ്രമിക്കുന്നത്. ഇന്ന് സവര്‍ണ്ണ ഹിന്ദുവിന് വേണ്ടി ജയ് വിളിക്കാന്‍ നടക്കുന്ന അവര്‍ണ്ണ വിഭാഗക്കാര്‍ തങ്ങളുടെ ചരിത്രം അറിയണം, കേവലം ഒന്ന് രണ്ട് തലമുറ മുന്‍പ് വരെ തങ്ങളുടെ പൂര്‍വ്വികരോട് സവര്‍ണ്ണ ഹിന്ദുക്കള്‍ ചെയ്തിരുന്നത് എന്തായിരുന്നു എന്നവര്‍ അറിയേണ്ടത് അത്യാവശ്യമാണ്. ചരിത്ര ബോധം നഷ്ടപ്പെട്ട തലമുറ ഏതൊരു രാജ്യത്തിനും വഹിക്കാന്‍ കഴിയാത്ത ഒരു ചുമടായിരിക്കും. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് മാന്തിക്കുന്നവരുടെ കൈയില്‍ അനുസരണയുള്ള വാനരന്മാരായിരിക്കും ഇക്കൂട്ടര്‍. അതുകൊണ്ടുതന്നെ, ഈ ചരിത്രങ്ങളെ മറനീക്കി കാണിക്കേണ്ട ഉത്തരവാദിത്തം ഒരു ഇന്ത്യന്‍ പൗരനുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യം വരെ “മോരോ മറ്റു ഗോരസങ്ങളോ കൂട്ടി ഉണ്ണാന്‍ അവര്‍ണ്ണര്‍ക്കറിയില്ലായിരുന്നു” വെന്ന് സവര്‍ണ്ണര്‍ പരിഹസിച്ചിരുന്നതായി പി. ഭാസ്കരനുണ്ണിയുടെ “പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം” എന്ന ഗ്രന്ഥത്തില്‍ കാണാം. എന്തുകൊണ്ടാണ് അങ്ങനെയൊരു പരിഹാസം അവര്‍ണ്ണര്‍ക്ക് നേരെ സവര്‍ണ്ണര്‍ നടത്തിയിരുന്നത്? ഭാസ്കരനുണ്ണി അത് വിവരിക്കുന്നുണ്ട്, താഴെ കൊടുക്കാം:

“ഗോരസങ്ങളിലേതെങ്കിലുമൊന്നു പ്രധാന ഭക്ഷണത്തിനുണ്ടാവുക മലയാളിക്ക് പ്രിയമായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍. അതും സവര്‍ണ്ണര്‍ക്ക് മാത്രമായിരുന്നുവെന്ന് ധരിക്കണം, കേരളീയരുടെ കഴിഞ്ഞ നൂറ്റാണ്ടിനെക്കുറിച്ചുള്ള എല്ലാ ശുഭവര്‍ത്തമാനങ്ങളുടെയും ഗതി പൊതുവേ ഇത് തന്നെയായിരുന്നുവെന്നും മറക്കരുത്. അവര്‍ണ്ണന് പശുക്കളെ തീറ്റാനല്ലാതെ പോറ്റാനോ കറക്കാനോ അവകാശമുണ്ടായിരുന്നില്ല. പശു, ലക്ഷ്മിയാണ്‌. പശു പെറ്റാല്‍ അന്തര്‍ജ്ജനം പെറ്റ പുലയാണ്- പത്തു പുല. ആ പുല കഴിഞ്ഞു പശുവിനെ കറക്കുന്നതും പാലും മറ്റുത്പന്നങ്ങളും കൈകാര്യം ചെയ്യുന്നതും സവര്‍ണ്ണര്‍ തന്നെയാവണമെന്നായിരുന്നു രാജനിശ്ചയം. പാലും വെണ്ണയും നെയ്യുമെല്ലാം സമൃദ്ധിയായി ഉപയോഗിക്കേണ്ടിയിരുന്നത് സവര്‍ണ്ണപ്രഭുക്കളും തമ്പുരാക്കന്മാരുമായിരുന്നല്ലോ. അവര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണസാധനങ്ങള്‍ അയിത്തമാകാതെ സംരക്ഷിക്കേണ്ടത് അവരുടെ കടമയാണ്. കേരളത്തിലെ രാജാക്കന്മാര്‍ കിരീടധാരണവേളയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിലെ പ്രധാന ഭാഗം തന്നെ പശുക്കളേയും ബ്രാഹ്മണരെയും രക്ഷിക്കമെന്നാണ്. അങ്ങനെ തന്നെ അവര്‍ വാക്കും പാലിച്ചു. എതെങ്കിലുമൊരവര്‍ണ്ണന്‍ -ഈഴവന്‍ പോലും- പശുവിനെ കറന്നെങ്കില്‍ അതിനുള്ള ശിക്ഷയും അവന്‍ അനുഭവിച്ചിട്ടുണ്ട്. കൊല്ലവര്‍ഷം 928-ലെ ഒരു വിധി നോക്കൂ:- “നാളത് കുടിയക്കോണത്ത് കുടിയിരിക്കും ഈഴം ശങ്കരന്‍ ശങ്കരന്‍ പേരില്‍ ടിയാന്‍ പചുവുകെട്ടിക്കറന്ന പിഴയ്ക്ക് 30 പണം ഉത്തിരിപ്പാട്” [ചുരുണ-812- ഓല 408- സെന്‍ട്രല്‍ ആര്‍ക്കൈവ്സ്, തിരുവനന്തപുരം] തീര്‍ന്ന വിധി നിശ്ചയമാണത്. ഇത് തിരുവിതാംകൂറിലെ നിയമവ്യവസ്ഥ.” (പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 41,42)



കൊച്ചിയിലെ സ്ഥിതി ഇനി പറയണ്ട. “പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂവെന്ന ഒരു വിശ്വാസവും ആചാരവുമുണ്ടായിരുന്നു. എനിക്ക് ഓര്‍മ്മ വെച്ച കാലമായപ്പോഴേക്കു… അപ്രകാരം ആചരിച്ചിരുന്നവര്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ആ കാലമായപ്പോഴേക്ക് ഈഴവരുടെ വീടുകളില്‍ പശു പെറ്റാല്‍ പതിനൊന്നാം ദിവസത്തെ പാല് മനയ്ക്കലേക്ക് കൊടുക്കാനുള്ളതാണ്. അതിനാല്‍ പതിനൊന്നാം ദിവസം കാലത്ത് ആളെ അയച്ച് പശുവിനെ കറപ്പിച്ചു പാല്‍ കൊണ്ടുപോരണമെന്ന് അതിന്‍റെ ഉടമസ്ഥന്‍ പത്താം ദിവസം ഇല്ലത്തു വന്നപേക്ഷിക്കുകയും അപ്രകാരം പാല്‍ കൊണ്ടുവരികയും ചെയ്തതായി പലതവണ ഞാന്‍ കണ്ടിട്ടുണ്ട്… പശുക്കളുടെ ഓരോ പ്രസവത്തിലും ആദ്യം കറക്കുന്ന പാല്‍ ദേവന് വഴിപാടായി കൊടുക്കണമെന്ന് നിര്‍ബന്ധമായിരുന്നു. ഈഴവന്‍ കറന്നെടുത്ത പാല്‍- അവര്‍ തൊട്ടതെന്നര്‍ത്ഥം- വഴിപാടിന് മാത്രമല്ല, ബ്രാഹ്മണര്‍ക്ക് പോലും ഉപയോഗിക്കുവാന്‍ പാടില്ലായിരുന്നു. ആ കാലത്തെല്ലാം ഗവ്യം കാര്യമായി ഉപയോഗിച്ചിരുന്നത് കേരളീയരില്‍ നമ്പൂതിരിമാര്‍ മാത്രമായിരുന്നു” (കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ ആത്മകഥയായ ‘എന്‍റെ സ്മരണകള്‍’ എന്ന പുസ്തകത്തില്‍ നിന്നുള്ളത് പി.ഭാസ്കരനുണ്ണി ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരണിയായി ചേര്‍ത്തിരിക്കുന്നത്, പേജ് 42)

പശുവും ഈഴവനുമായുള്ള നാട്ടുനടപ്പ് ബന്ധത്തെക്കുറിച്ച് അല്പം ചിലതുകൂടി അറിയുന്നത് ഉപകാരമായിരിക്കും. “പശുക്കളെ ആര്‍ക്കും വളര്‍ത്താം. പക്ഷേ, അത് പ്രസവിച്ചു പോയാല്‍ പിന്നെ, ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല; അടുത്തുള്ള നായര്‍ പ്രമാണിയെ ഏല്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടുപോന്നേക്കണം. കൊടുക്കുമ്പോഴും, വാങ്ങുമ്പോഴും ഓരോ ഊണ് കിട്ടിയെന്ന് വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നുപോയാല്‍ പശുവിന്‍റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തം ആളുകള്‍ ചെന്ന് വെറ്റിലപ്പാക്ക് വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിപ്പിച്ചു വിടുവിക്കണം.” (പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 42,43)

“ശ്രീ. കാണിപ്പയ്യൂരിന് ഓര്‍മ്മവെച്ച നാളില്‍,- എന്നുപറഞ്ഞാല്‍ 1900-മാണ്ടോടുകൂടി- പശുക്കളെ ഈഴവര്‍ കറന്നുകൂടെന്ന വിശ്വാസം കുറച്ചേ ഉണ്ടായിരുന്നുള്ളൂവെന്നു പറയുമ്പോള്‍– അന്നും അങ്ങനെ ഉണ്ടായിരുന്നു—തലേ നൂറ്റാണ്ടിലെ കാര്യം വിശേഷിച്ചു പറയേണ്ടി വരുന്നില്ല. ഒരു കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തു—ഗവ്യം പ്രധാനമായും ഉപയോഗിച്ചിരുന്നത് നമ്പൂതിരിമാരുമായിരുന്നു. ‘ഈഴവര്‍ക്ക് പശുവിനെ കറക്കാന്‍ പാടില്ലെന്ന ആചാരത്തെ വിശ്വാസപ്രമാണമായി പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈഴവരും ആചരിച്ചു വന്നുവെന്നുള്ളതാണ് സത്യം. വല്ലവരും മറിച്ചു രഹസ്യമായി കറന്നെങ്കില്‍ അതിന്‍റെ പിഴ അവനു മീതെ വീണ സംഭവം രേഖയില്‍ നിന്ന് തെളിഞ്ഞുവല്ലോ. പശു ഈഴവന്‍റെ- അവര്‍ണ്ണന്‍റെ- തൊഴുത്തില്‍ നിന്ന കാലത്തും കറന്നത് സവര്‍ണ്ണനായിരുന്നുവെന്നും കാണിപ്പയ്യൂരിന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അത് നിവേദ്യമായി നല്‍കുന്നത് കൊണ്ടായിരുന്നു. അപ്പോള്‍ തിരുവിതാംകൂറിലുണ്ടായിരുന്ന 3,14,889 പശുക്കളും സവര്‍ണ്ണരുടെ ആലയില്‍ തന്നെ അന്ന് നിന്നു. അല്ലെങ്കില്‍ അവര്‍ണ്ണന്‍റെ തൊഴുത്തില്‍ നിന്നെങ്കിലും, സവര്‍ണ്ണരുടെ ആവശ്യത്തിന് സവര്‍ണ്ണര്‍ തന്നെ കറന്ന് പാലെടുത്തിരുന്നു. അന്നൊക്കെ മോരോ മറ്റു ഗോരസങ്ങളോ കൂട്ടി ഉണ്ണാന്‍ അവര്‍ണ്ണര്‍ക്കറിയില്ലായിരുന്നുവെന്ന ആരോപണത്തിന്‍റെ കാതല്‍ എവിടെ കിടക്കുന്നുവെന്നും ഇപ്പോള്‍ കണ്ടു കഴിഞ്ഞുവല്ലോ’ (പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 42)



ഈ ആചാരം മാറ്റിയെടുക്കാന്‍ ഈഴവര്‍ കുറേ അടിയും തൊഴിയും കൊള്ളുക മാത്രമല്ല, കോടതിയിലും കയറിയിറങ്ങിയിട്ടുള്ള കാര്യവും പി.ഭാസ്കരനുണ്ണി വിവരിക്കുന്നുണ്ട്: “ഈ അവസ്ഥയ്ക്ക് കൊല്ലവര്‍ഷം 1050-55-നോടടുത്ത്—1875-80-നോടടുത്ത് ചില പ്രദേശങ്ങളില്‍ മാറ്റമുണ്ടായിത്തുടങ്ങി. അതിലൊന്നാണ് ചേര്‍ത്തലയിലെ തണ്ണീര്‍മുക്കം എന്ന സ്ഥലം. അവിടെ ഇതിനെതിരായി ഉഴുതുമ്മേല്‍ കിട്ടന്‍ എന്ന സാമൂഹ്യപരിഷ്കര്‍ത്താവ്‌, ഈഴവരെ സംഘടിപ്പിച്ച് പശുക്കറവയ്ക്കുള്ള സവര്‍ണ്ണരുടെ കോയ്മയ്ക്ക് വിഘ്നം വരുത്തി. ഉഴുതുമ്മേല്‍ കിട്ടന്‍ 11 പശുക്കറവയുടെ സംഗതിയിലാണ് ആദ്യമായി ശ്രദ്ധ പതിപ്പിച്ചത്. ഈഴവരില്‍ ചങ്കൂറ്റവും മെയ് സ്വാധീനവുമുള്ള പല പ്രമാണികളെയും ചെന്ന് കണ്ട് ദീര്‍ഘമായി ആലോചന നടത്തി വിവരം എല്ലാ തണ്ടാന്‍ പണിക്കന്മാര്‍ക്കും അറിവ് കൊടുത്തു. അടുത്ത നാളില്‍ തന്നെ അയല്‍വീട്ടിലെ പശു പ്രസവിച്ചു. ഉടമസ്ഥനോടു തനിയെ കറന്നുപയോഗിക്കാന്‍ ധൈര്യപ്പെടുത്തി. പാല്‍ കറന്നുപയോഗിക്കാന്‍ കാത്തിരുന്ന നായര്‍ പ്രമാണിക്ക് ഇത് രസിക്കുമോ?… പത്തുപന്ത്രണ്ട് മല്ലന്മാരായ അനുയായികളാണ് അങ്ങോട്ട്‌ ചെന്നത്. ഉടമസ്ഥന്‍ ഭയന്ന് ചരിത്രപുരുഷന്‍റെ വീട്ടില്‍ അഭയം പ്രാപിച്ചു. യാതൊരു കൂസലും കൂടാതെ, “പ്രമാണിയുടെ ആള്‍ക്കാരുടെ മുമ്പിലേക്ക് നീങ്ങിനിന്നു കൊടുക്കൂ…” എന്നദ്ദേഹം പറഞ്ഞു. എന്നാല്‍ നായന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞത് പത്തറുപതു സന്നദ്ധരായ ഈഴവര്‍ തങ്ങളെ വലയം ചെയ്തിരിക്കുന്നതാണ്. അവര്‍ സ്ഥലം വിട്ടു. ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍ എന്നാണ് ആ പ്രമാണിയുടെ പേര്… അടുത്ത ദിവസം ഒരു കേസ് ഫയലായി. ഈഴവരില്‍ തലയെടുപ്പുണ്ടെന്നു തോന്നിയ സകലരും പ്രതികളായി. എല്ലാവരും ഒത്തൊരുമിച്ചു… പണപ്പിരിവ് നടത്തി കേസ് വാദിച്ചു. ഒടുവില്‍ ഈഴവര്‍ തന്നെ വിജയം വരിക്കയാണ് ചെയ്തത്” (പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 43)

ചരിത്രബോധം നഷ്ടപ്പെട്ട് സവര്‍ണ്ണര്‍ക്ക് ജയ് വിളിക്കുന്ന എല്ലാ അവര്‍ണ്ണരും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. അവരൊരു വാഴ വെച്ചാല്‍ അതിന്‍റെ കുല വെട്ടിയെടുക്കാന്‍ അവര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല, അത് സവര്‍ണ്ണര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. അവരൊരു പശുവിനെ വളര്‍ത്തിയാല്‍ കറന്ന് പാലെടുക്കാന്‍ അവര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല, അത് സവര്‍ണ്ണര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. വാഴ കുലയ്ക്കുന്നതും പശുവിനു ചെന പിടിക്കുന്നതുമൊക്കെ കണ്ട് പഴം തിന്നുന്നതും പാലും മോരും വെണ്ണയും കഴിക്കുന്നതുമായ സ്വപ്നങ്ങളെ താലോലിച്ചു നടക്കാനായിരുന്നു അവര്‍ണ്ണരുടെ കുഞ്ഞുങ്ങളുടെ, അതായത് നിങ്ങളുടെയൊക്കെ പിതാമഹന്മാരുടെ വിധി. അവരുടെ സ്വപ്നങ്ങളെ കൊള്ളയടിക്കുക മാത്രമല്ല, ആ കൊള്ളയടിച്ചത് വെട്ടി വിഴുങ്ങി ഏമ്പക്കം വിട്ടുകൊണ്ട് “മോരോ മറ്റു ഗോരസങ്ങളോ കൂട്ടി ഉണ്ണാന്‍ അറിയാത്തവന്മാര്‍’ എന്ന് നിങ്ങളുടെ പിതാമഹന്മാരെ പരിഹസിച്ചിരുന്നവരുടെ പിന്‍ തലമുറക്കാരാണ് ‘നമ്മെളെല്ലാം മഹത്തായ സംസ്കാരത്തിന്നുടയവര്‍’ എന്ന് പറഞ്ഞ് നിങ്ങളുടെ ചരിത്രബോധമില്ലായ്മയെ സമര്‍ത്ഥമായി മുതലെടുക്കുന്നത്. നിങ്ങളുടെ പിതാമഹന്മാര്‍ ചാട്ടവാറടിയേറ്റും കാശ് പിരിച്ച് കേസ് നടത്തിയും ഇല്ലാതാക്കി കളഞ്ഞ ഒരു സംസ്കാരത്തിനെയാണ് നിങ്ങളിന്ന് മഹത്തായ സംസ്കാരം എന്ന് പാടി പുകഴ്ത്തി നടക്കുന്നത്. അത് മഹത്തരമായ ഒരു സംസ്കാരമായിരുന്നെങ്കില്‍ നിങ്ങളുടെ പിതാമഹന്മാര്‍ എന്തിനാണ് ആ സംസ്കാരത്തിലെ ഒരാചാരം നിര്‍ത്തലാക്കാന്‍ വേണ്ടി കാശ് പിരിച്ച് കേസ് നടത്തിയത് എന്ന് വിശദീകരിച്ചിട്ട് പോരേ, അവര്‍ണ്ണ സഹോദരങ്ങളേ, ആ സംസ്കാരത്തില്‍ നിങ്ങള്‍ അഭിമാനം കൊള്ളുന്നത്‌?