പ്രളയത്തിൽ നിന്ന് അതിജീവിച്ച കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് എലിപ്പനി. മൂന്ന് ദിവസത്തിനിടെ 26 പേർ എലിപ്പനി ബാധിച്ച് മരിച്ചതോടെ കാസർകോട് ഒഴികയുള്ള ജില്ലകളിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോക്കോളും പുറത്തിറക്കിയിരുന്നു.
രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും നിർബന്ധമായും ആഴ്ചയിലൊരിക്കൽ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ 200 എം.ജി കഴിക്കണമെന്നും കഴിഞ്ഞയാഴ്ച കഴിച്ചവർ ഈ ആഴ്ചയും ഗുളിക കഴിക്കണമെന്നും പ്രോട്ടോക്കോളിൽ പറയുന്നു. എന്നാൽ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ജനാരോഗ്യ പ്രസ്ഥാനം ചെയർമാൻ ജേക്കബ് വടക്കാഞ്ചേരി രംഗത്തെത്തി.
എലിപ്പനിയെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സമയത്താണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ലെെവിലൂടെ നടത്തിയ പരാമർശനത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇത്തരം മരുന്നുകൾ കഴിക്കുന്നത് അപകടകാരികളാണെന്നും സർക്കാരും ആരോഗ്യവകുപ്പും ചേർന്ന് ആളുകളെ പൊട്ടനാക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.