പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തന ദൗത്യം പൂർണമായും സൈന്യത്തെ ഏൽപ്പിക്കാനാവില്ലെന്നും നാടിനെ അറിയുന്നവരെയും ചേർത്തുള്ള യോജിച്ച പ്രവർത്തനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രാജ്യത്തിന്റെ മറ്റിടങ്ങളിൽ ദുരിതമുണ്ടായപ്പോൾ വിവിധ ഏജൻസികളുടെയും പ്രാദേശിക സർക്കാരുകളുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. തിരുവനന്തപുരത്ത് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ചില ജില്ലകളിൽ പ്രളയമുണ്ടാകുമെന്ന് സർക്കാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുൻധാരണകളുടെ അടിസ്ഥാനത്തിൽ ചിലരെങ്കിലും ഈ മുന്നറിയിപ്പ് അവഗണിച്ചു. പ്രളയദുരിതം നേരിടാൻ സംസ്ഥാന – കേന്ദ്ര ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾ ലക്ഷ്യത്തോട് അടുക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാന തലത്തിൽ സംവിധാനങ്ങളുണ്ട്.
അതിനിടയിൽ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന രീതിയിൽ ചിലർ ബോധപൂർവം കുപ്രചാരണം നടത്തി. നാം ഒരു ദുരിതത്തിന് നടുവിലാണ്. ഒരേ മനസോടെ ഈ ദുരിതത്തെ നേരിടുമ്പോൾ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും. അതുകൊണ്ട് ഇത്തരം പ്രചാരണങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.<
പ്രളയം നേരിടാൻ കേന്ദ്രസേനയും കേന്ദ്രസർക്കാറും ശക്തമായ പിന്തുണയാണ് നൽകിയത്. വെള്ളപ്പൊക്കത്തിന്റെ ഓരോ ഘട്ടവും പ്രധാനമന്ത്രിയെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം കേന്ദ്രആഭ്യന്തര മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും സംസ്ഥാനത്തെത്തിയത്. സംസ്ഥാനത്ത് 19,5212 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.