Sun. Nov 22nd, 2026

ഗവേഷണ പ്രബന്ധത്തിലെ അടിച്ചുമാറ്റല്‍ അഥവാ പ്ളേജറിസം അവസാനിപ്പിക്കാന്‍ ഒരുങ്ങി യു ജി സി. ഇനി മുതല്‍ ഇത്തരം മോഷണം പിടിക്കപ്പെട്ടാല്‍ അധ്യാപകരുട ജോലിയും ഗവേഷണ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷനും നഷ്ടമാകും. അടുത്തിടെ യൂണിവേഴ്‌സിറ്റി വെസ് ചാന്‍സിലര്‍മാരുടെ വരെ ഗവേഷണ പ്രബന്ധങ്ങളില്‍ കോപ്പിയടി കണ്ടെത്തിയ സാഹചര്യത്തിലാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

പുതിയ തീരുമാനപ്രകാരം പത്ത് ശതമാനം വരെ പ്ലേജറിസം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശിക്ഷയൊന്നും ഇല്ല. എന്നാല്‍ 10 മുതല്‍ 40 ശതമാനം പ്ലേജറിസം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആറ്‌ മാസത്തിനുള്ളില്‍ മാറ്റം വരുത്തിയ ഗവേഷണ പ്രബന്ധം സമര്‍പ്പിക്കണം. 40 മുതല്‍ 60 ശതമാനം വരെ പ്ലേജറിസം പിടിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് ഗവേഷണത്തില്‍ നിന്ന് വിലക്കും. 60 ശതമാനത്തിന് മുകളിലാണെങ്കില്‍ ആ വിദ്യാര്‍ത്ഥിയുടെ രജിസ്‌ട്രേഷന്‍ യൂണിവേഴ്‌സിറ്റി എടുത്ത് കളയും.

അധ്യാപകരുടെ ഗവേഷണ പ്രബന്ധങ്ങളില്‍ 10 ശതമാനം മുതല്‍ 40 ശതമാനം വരെ സാമ്യതകള്‍ ഉണ്ടായാല്‍ പ്രബന്ധം റദ്ദാക്കപ്പെടും. 40 ശതമാനം മുതല്‍ 60 ശതമാനം വരെ സാമ്യതകള്‍ ഉണ്ടായാല്‍ ഈ അധ്യാപകരെ എം.ഫില്‍, പി.എച്ച്.ഡി പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്ന് രണ്ടു വര്‍ഷത്തേക്ക് വിലക്കുകയും ഒരു വര്‍ഷത്തെ ശമ്പള വര്‍ധനവ് നിഷേധിക്കുകയും ചെയ്യും. 60 ശതമാനത്തിന് മുകളില്‍ പ്ലേജറിസം ഉള്ള അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയോ പിരിച്ചു വിടുകയോ ചെയ്യും. ഇതു സംബന്ധിച്ച യു.ജി.സിയുടെ പുതിയ നിര്‍ദ്ദേശത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്‍കി.

https://newsgil.in/en/2018/08/03/online-cunsultency-advt/