കാസര്‍കോട്: ഷാഫി പറമ്പില്‍ എ ഗ്രൂപ്പില്‍ എന്നത് എട്ടാമത്തെ അത്ഭുതമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം പി. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ്. സരിത കേസില്‍ ഉമ്മന്‍ചാണ്ടിയെ സംരക്ഷിച്ച ആളാണ് താന്‍. അദ്ദേഹത്തെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്കൂള്‍ ഓഫ് പൊളിറ്റിക്സിലെ ആരേയും കണ്ടില്ലെന്നും ഉണ്ണിത്താന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയ്ക്കും കുടുംബത്തിനുമെതിരെ നടന്ന ആക്രമണത്തിന് താന്‍ പ്രത്യാക്രമണം നടത്തി.

പ്രതിപക്ഷം തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ ദിവസം തിരുവനന്തപുരത്തേക്ക് പോയ തന്നെ ട്രെയിനില്‍ വെച്ച് ഡിവൈഎഫ്ഐക്കാര്‍ ക്രൂരമായി ആക്രമിച്ചു. അന്ന് കരമന പിആര്‍എസ് ആശുപത്രിയില്‍ തന്നെ ആദ്യം കാണാനെത്തിയത് ഉമ്മന്‍ചാണ്ടിയാണെന്നും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടി സ്കൂള്‍ ഒഫ് പൊളിറ്റിക്സില്‍ പഠിച്ച എല്ലാവരും സരിത കേസ് വന്നപ്പോള്‍ പ്രതിച്ഛായ ഭയന്ന് ഓടി ഒളിച്ചു. അദ്ദേഹം മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണ് ചിലര്‍ കുട പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പം ഉണ്ടായിരുന്നത് ടി സിദ്ദിഖ് മാത്രമായിരുന്നെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് വ്യക്തമാക്കി. കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ സി ജോസഫ്, എ പി അനില്‍ കുമാര്‍ അടക്കമുള്ളവരെ സംരക്ഷിക്കാന്‍ തങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താന്‍.
ഉമ്മന്‍ ചാണ്ടി മരണശയ്യയില്‍ കിടന്ന് കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ വെക്കാന്‍ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയത്. തനിക്ക് നേരെ വരുന്ന സൈബര്‍ ആക്രമണം എല്ലാംപരിശോധിച്ചു. അപ്പോഴാണ് നാല് ഗര്‍ഭം ഉണ്ടാക്കി അടൂരില്‍ വിശ്രമിക്കുന്ന ശിഷ്യന് ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായതെന്ന് ഉണ്ണിത്താന് പരിഹസിച്ചു.
ഷാഫി പറമ്പിലിനെതിരെ താന്‍ അരുതാത്തതൊന്നും പറഞ്ഞിട്ടില്ല. അയാള്‍ എ ഗ്രൂപ്പ് അല്ലെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. തന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ഒരു മുതിര്‍ന്ന നേതാവും ഷാഫി പറമ്പിലിനെ വിളിച്ച് അതിനെതിരെ സംസാരിച്ചിട്ടില്ല. ഈ ആസ്വാദനത്തിനൊന്നും അധികം ആയുസുണ്ടാകില്ലെന്നും ഉണ്ണിത്താന് മുന്നറിയിപ്പ് നല്കി.
Content Highlights: Rajmohan Unnithan termed Shafi Parambil being in the Congress A group the eighth wonder. He criticized leaders who hid during the Saritha case while claiming support for Oommen Chandy. Unnithan also warned against cyber attacks and political maneuvering within the party.


