✍️ ലിബി. സി.എസ്
കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ശതാബ്ദി വർഷം ആണ് 2026. സഹോദരസംഘം അതിന് മുൻപ് 1917 മുതൽ പ്രവർത്തിച്ചുവരുന്നുണ്ട് എങ്കിലും യുക്തിവാദി എന്ന പേരിൽ തന്നെ ഒരു സംഘടന രൂപംകൊള്ളുന്നത് 1926 മെയ് 29 ന് ആയിരുന്നു. അന്നാണ് മിതവാദി കൃഷണന്റെ വീട്ടില് കേരളത്തിലെ ആദ്യ യുക്തിവാദി സമ്മേളനം നടന്നതും ആദ്യത്തെ യുക്തിവാദി സംഘടനയായ ‘യുക്തിവാദി സഭ’ രൂപം കൊണ്ടതും. 1925 മുതൽ അത്തരത്തിലൊരു സംഘടനാ രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ആലുവ അദ്വൈതാശ്രമം സ്കൂളിൽ വെച്ച് നടക്കുന്നുണ്ടെങ്കിലും അത് യാഥാർഥ്യമായത് 1926 ൽ ആയിരുന്നു. പിന്നീടാണ് 1929-ആഗസ്റ്റിൽ ഏറണാകുളത്തുനിന്നും മലയാള ഭാഷയിലെ ആദ്യ യുക്തിവാദ/നിരീശ്വരവാദ ആനുകാലികമായിരുന്ന ‘യുക്തിവാദി’ മാസിക ആരംഭിച്ചത്. സഹോദരൻ അയ്യപ്പൻ, സി. കൃഷ്ണൻ, രാമവർമ്മ തമ്പാൻ, സി.വി. കുഞ്ഞിരാമൻ, എം.സി. ജോസഫ് എന്നീ അഞ്ചു പേരായിരുന്നു ‘യുക്തിവാദി’ മാസികയുടെ പത്രാധിപ സമിതി അംഗങ്ങൾ. നാൽപ്പതിയഞ്ചുവർഷം, 1974 ജൂൺ വരെ ‘യുക്തിവാദി’ മാസിക പ്രസിദ്ധീകരിച്ചിരുന്നു. യുക്തിവാദി മാസികയുടെ മുഴുവൻ കോപ്പികളും സംരക്ഷിച്ചിട്ടുണ്ട്. ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയത്തിൽ ഇപ്പോൾ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. 100 വർഷം പിന്നിടുമ്പോൾ സംഭവിച്ച പ്രധാനകാര്യം സംഘടനയുടെ സ്ഥാപകൻറെ യുക്തിവാദി സർട്ടിഫിക്കറ്റ് പിൽക്കാല യുക്തൻമാർ ക്യാൻസൽ ചെയ്യുകയും പകരം ഒരു ജാതി വാദി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു എന്നതാണ്. ആ സർട്ടിഫിക്കറ്റ് വരവ് വെച്ചുകഴിഞ്ഞപ്പോൾ അയ്യപ്പന് വേറെ ചിലർ സ്വത്വ രാഷ്ട്രീയവാദി മെമ്പർഷിപ്പും നൽകി കഴിഞ്ഞു.

ഇന്നലത്തെ മാതൃഭൂമി പത്രത്തിന്റെ പേപ്പർ കട്ടിങ്ങും സോഷ്യൽ മീഡയയിൽ പോസ്റ്റുചെയ്തുകൊണ്ട് നടത്തിയ ചില പ്യുരിറ്റൻ യുക്തിവാദികളുടെ ചർച്ചകൾക്കും, വേറെ ചില സ്വത്വ രാഷ്ട്രീയ ബുദ്ധിജീവികളുടെ പോസ്റ്റിനും ഉള്ള മറുപടിയാണ് ഈ കുറിപ്പ്.
ഡോ. അംബേദ്ക്കർ മനു സ്മൃതി കത്തിക്കുന്നതിന് ഒരു ദശകം മുമ്പ് സഹോദരൻ അയ്യപ്പൻ കേരളത്തിൽ ജാതി രാക്ഷസ ദഹനം നടത്തിയ ആളാണ്.
“ജാതി നാശത്തുക്കു – ജയ്
മത നാശത്തുക്കു- ജയ്
ദൈവനാശത്തുക്കു- ജയ്” എന്നതായിരുന്നു സഹോദര സംഘത്തിൻറെ മുദ്രാവാക്യം തന്നെ!
അന്നും ഇതിനെതിരെ വിശ്വാസിപ്പൊട്ടന്മാർ ഇതിൻറെ കൂടെ ‘സർവ്വ നാശത്തുക്ക് – ജയ്’ എന്നുകൂടി ചേർത്തു പരിഹസിച്ചിരുന്നു.
സഹോദരൻ അയ്യപ്പൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന് ധാരാളം ശത്രുക്കളും വിദ്വേഷ പ്രചാരകരും ഉണ്ടായിരുന്നു. സഹോദരൻ അയ്യപ്പൻ മരിച്ച് ആറ് പതിറ്റാണ്ട് ആയിട്ടും ഈ വിദ്വേഷവും വെറുപ്പും ഇന്നും പ്രചരിപ്പിക്കുന്നത് കേരളത്തിലെ നവോത്ഥാന നായകരിൽ ഒരു തരത്തിലും ഫ്ലെക്സിബിൾ അല്ലാത്ത ഹിന്ദുത്വത്തിന് ഒരുതരത്തിലും വളച്ചൊടിക്കാൻ പറ്റാത്ത ഏക വ്യക്തി സഹോദരൻ അയ്യപ്പൻ ആയിരുന്നു എന്നതുകൊണ്ട് കൂടിയാണ്.
നവോത്ഥാനം എന്നത് മതപരിഷ്കരണ വാദമല്ലെന്നും ഹിന്ദു മതപരിഷ്കരണം തങ്ങളുടെ ലക്ഷ്യമേ അല്ലെന്നും അദ്ദേഹം പള്ളുരുത്തിയിൽ വെച്ച് ഗന്ധിയോട് തന്നെ തുറന്നു പറയുന്നുമുണ്ടല്ലോ?
സഹോദരൻ അയ്യപ്പനെതിരെ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചവർ ഈഴവരിലെ യാഥാസ്ഥിതികരും ഭക്തിവാദികളും സഹോദരൻറെ സമുദായ പ്രാതിനിത്യാവാദത്തിന് (സംവരണം) എതിരായി നിന്ന സമുദായങ്ങളുടെ നേതാക്കളുമാണ്. മുഖ്യമായും നായന്മാർ. ക്രിസ്ത്യാനികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ചേർത്തലയിൽ വെച്ച് സഹോദരൻ അയ്യപ്പൻറെ പരിപാടി അലങ്കോലപ്പെടുത്തിയതും അന്നേദിവസം രാത്രി കെസി കുട്ടനെ തല്ലിയതുമൊക്കെ ഒരു ക്രിസ്ത്യൻ ഗുണ്ടയും സംഘവുമാണ്.
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് സഹോദരൻ പത്രം ഉണ്ടായിരുന്നകാലത്ത് അതിലൂടെയും, അതിന് ശേഷം അദ്ദേഹത്തിൻറെ മരണം വരെ കേരള കൗമുദിയിൽ അദ്ദേഹം എഴുതിയിരുന്ന ആഴ്ചക്കുറിപ്പുകളിലൂടെയും മറുപടി നല്കിയിട്ടുള്ളവയുമാണ്:
“എന്നോടു വിരോധവും വെറുപ്പും തോന്നിയിട്ടുള്ളവരിൽ പ്രധാന വിഭാഗം എന്റെ സമുദായ പ്രാതിനിത്യവാദം പിടിക്കാത്ത സമുദായക്കാരാണ്. പിന്നോക്ക സമുദായക്കാർക്കു സർക്കാർ സർവീസിലും മറ്റും ശരിയായ പ്രാതിനിധ്യം കിട്ടുവാൻ സമുദായ പരിഷ്ക്കരണങ്ങൾ വേണമെന്നുള്ള വാദം ആ സമുദായങ്ങൾക്കും പ്രാതിനിധ്യം കിട്ടുവാൻ ഉദ്ദേശിച്ചു മാത്രം നടത്തുന്നതാണ്. ആ വാദം ഫലിക്കുന്നതു കൊണ്ട് ചില സമുദായങ്ങളുടെ അമിത പ്രാതിനിധ്യത്തിനു കുറവ് വരാതിരിക്കയില്ല. എന്നാൽ ആ സമുദായക്കാരോടു ഏതെങ്കിലും വിരോധമോ വെറുപ്പോ ദ്രോഹചിന്തയോ ആ വാദക്കാർക്കില്ല. പ്രാതിനിത്യം കുറഞ്ഞ സമുദായങ്ങൾക്കു ആ കുറവ് ഇല്ലാതാക്കാനുള്ള ആവശ്യം നിറവേറ്റുക മാത്രമാണ് അവരുടെ ഉദ്ദേശ്യം. പ്രാതിനിധ്യവാദത്തെ എതിർക്കുന്നവർ പ്രായേണ ആ വാദത്തെ ചില സമുദായത്തോടുള്ള ദ്രോഹവും ശത്രുതയുമായിട്ടാണ് ചിത്രീകരിക്കുന്നത്. സ്ഥാപിത താൽപര്യങ്ങൾ കെതിരായ വാദങ്ങൾ എത്ര ന്യായമായിരുന്നാലും വ്യക്തിപരമോ വിഭാഗീയമോ ആയ യാതൊരു വിരോധവും കൂടാതെ സ്നേഹപൂർവ്വമായി തന്നെ നടത്തുന്നതായാലും ആ താൽപര്യക്കാർ അതിനെ അങ്ങനെയേ കാണുകയില്ല. അവരോടുള്ള ശത്രുതയും അന്യായമായും മാത്രമേ കാണുകയുള്ളൂ….”
ജാതി എന്ന വാക്ക് നാരയണഗുരുവിൻറെ കൃതികളിൽ പ്രയോഗിച്ചിരിക്കുന്ന അർത്ഥത്തിൽ അല്ല സഹോദരൻ പ്രയോഗിച്ചിട്ടുള്ളത്. ഗുരു പ്രയോഗിച്ചിരിക്കുന്നത് ജനിച്ച രീതി എന്ന അർത്ഥത്തിലാണ്. യോനിയിൽ കൂടി ജനിക്കുന്നവർ ആയിരുന്നില്ലല്ലോ ചാതുർ വർണ്യക്കാർ!? അതുകൊണ്ടാണ് ‘ഒരുയോനി ഒരാകാരം ഒരു ഭേദവും ഇല്ലതിൽ’ എന്നും കൂടി പറഞ്ഞതും. ‘പുണർന്നു പെറും ഒരു ജാതി’ എന്നൊക്കെ പറഞ്ഞത്. അതുതന്നെയാണ് പെരിയാർ അവരൊക്കെ എവിടുന്നെങ്കിലും ഉണ്ടാകട്ടെ നമ്മളൊക്കെ തന്തയ്ക്കും തള്ളയ്ക്കും ഉണ്ടായതാണ് എന്ന് പറഞ്ഞത്.
സഹോദരൻ ജാതി എന്ന വാക്ക് പ്രയോഗിക്കുന്നത് നമ്മളൊക്കെ പ്രയോഗിക്കുന്ന അർത്ഥത്തിലാണ്.
ഗുരുവിനെപ്പോലെ ഫിലോസഫിക്കൽ ആയി മാത്രം കാണാതെ എങ്ങനെയാണ് അധഃകൃതൻ ഉണ്ടാകുന്നത്? ആരാണ് അധഃകൃതൻ? എന്നൊക്കെ വളരെ കൃത്യമായി സഹോദരൻ അയ്യപ്പൻ നിരീക്ഷിക്കുന്നുണ്ട്.
അധികാരത്തിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നവനാണ് ‘അധഃകൃതൻ’ എന്നും അധികാരത്തിൽ നിന്ന് അകറ്റി നിർത്തിയാണ് ആവർണ്ണരെയും ദലിതരെയും സ്ത്രീകളെയുമെല്ലാം അധഃകൃതർ ആക്കിയതെന്നും അദ്ദേഹം പറയുന്നു. അതിൽ എല്ലാ തരത്തിലുള്ള അധികാരങ്ങളും പെടും എന്നും അവയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് അരുവിപ്പുറം പ്രതിഷ്ഠമുതൽ ഇങ്ങോട്ട് നമ്മൾ നടത്തിയതെന്നും അദ്ദേഹം പറയുന്നുണ്ട്.
അന്ധവിശ്വാസങ്ങളും ആചാരങ്ങളും മാമൂലുകളും വേദാന്തവും എല്ലാം പറഞ്ഞാണ് അവർ നമ്മളെ അധികാരത്തിൽ നിന്നും അകറ്റി നിർത്തിയത്. അതിനെ നമ്മൾ ചോദ്യം ചെയ്തു തുടങ്ങുന്നത് ശ്രീനാരായണൻ നടത്തിയ ധിക്കാര പ്രതിഷ്ഠയിൽ നിന്നാണ്. ദൈവത്തിൻറെ ഉടമാവകാശത്തെ ചോദ്യം ചെയ്യാനാണ് അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് മുൻപ് തന്നെ ശിവൻ മിത്താണെന്ന് (ശിവനും വിഷ്ണുവുമൊക്കെ സങ്കൽപ്പലോകത്തെ തത്വകായന്മാരാണ്) പറഞ്ഞിരുന്ന ഗുരു ശിവനെ പ്രതിഷ്ഠിക്കുന്നത്. അതുകൊണ്ടാണ് ഗുരുവിൻറെ പ്രതിഷ്ഠയെ അന്നവിടെ കൂടിയവരിൽ പലരും സംശയ ദൃഷ്ടിയോടെയാണ് കണ്ടത് എന്ന് നടരാജ ഗുരുവും എഴുതിയിട്ടുള്ളത്.
കേരളത്തിലെ സവർണ്ണ സമുദായങ്ങൾ നാരായണഗുരുവിന്റെ വാക്യങ്ങളെ തന്നെ ദുർവ്യാഖ്യാനം ചെയ്തപ്പോൾ അയ്യപ്പൻ പറഞ്ഞതാണ് ഇപ്പോൾ അയ്യപ്പനെതിരെ പ്രയോഗിക്കുന്ന വാചക കഷ്ണം. അധഃകൃതനെ അധികാരത്തിൻറെ ഭാഗമാക്കാനുള്ള ഒരു ഉപാധിയായ സംവരണത്തിന് പാരവെക്കാനുള്ള ഏർപ്പാടിനെതിരെയാണ് സഹോദരൻ അങ്ങിനെ പറഞ്ഞത്.
അയ്യപ്പൻ പറഞ്ഞത് ഇതാണ്:
“ജാതി ചിന്ത ഇല്ലാതാകണമെങ്കിൽ ജാതി ഇല്ലാതാകണം. ജാതി നിലനിൽക്കുന്ന കാലത്തോളം ജാതി ഇല്ലാതാക്കാൻ വേണ്ടി ജാതിയെപ്പറ്റിയുള്ള ചിന്തയുണ്ടാവും. ജാതിയെ പറ്റിയുള്ള ആ ചിന്ത ജാതിയുടെ ഉത്ഭവം, ചരിത്രം, ഇപ്പോഴത്തെ നില, അതിൻറെ ദോഷങ്ങൾ മുതലായവയെ പറ്റി ആയിരിക്കും. ആമാതിരി ചിന്ത ആവശ്യമാണ്. ശ്രീനാരായണൻ അങ്ങനെ ചിന്തിച്ച മഹാനായിരുന്നു. ജാതിയിൽ വിശ്വസിക്കുകയും ജാതി അനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ ജാതി ബുദ്ധിയെ ഉദ്ദേശിച്ചാണ് അദ്ദേഹം ജാതി ചിന്തിക്കരുത് എന്ന് പറഞ്ഞത്. ജാതി ഇല്ലാതാക്കണമെന്ന ഉപദേശത്തിന്റെ ഉറപ്പിച്ചു പറയൽ മാത്രമാണ്. ജാതി ചിന്ത പാടില്ലെന്ന് പറയുന്ന രാഷ്ട്രീയക്കാരെല്ലാവരും ജാതി ഇല്ലാതിരിക്കണമെന്ന് അഭിപ്രായക്കാരല്ല. അവരിൽ അധികവും ജാതിയിൽ വിശ്വസിക്കുകയും ജാതി അനുഷ്ഠിക്കുകയും ജാതി നിലനിർത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ജാതിമൂലം സാമൂഹ്യമായും രാഷ്ട്രീയമായും അവശതകൾ അനുഭവിക്കുന്ന ജനവിഭാഗങ്ങൾ ആ അവശതകൾ ഇല്ലാതാക്കാനും അതുവഴി ജാതി തന്നെ ഇല്ലാതാക്കാനും ആവശ്യമായ രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവും ആയ പരിരക്ഷകൾക്ക് വാദിക്കുന്നതിനെയാണ് അവർ ജാതി ചിന്തയെന്ന് വിവക്ഷിക്കുന്നത്. അവരുടെ വാദം കൊണ്ട് ജാതി ചിന്ത ഇല്ലാതാവുകയില്ല. മുൻപറഞ്ഞ വിധത്തിലുള്ള ജാതിവാദങ്ങൾ ശക്തിപ്പെടുകയുള്ളൂ. ജാതി വാദങ്ങൾ ഇല്ലാതാക്കുവാൻ ജാതി നിലനിൽക്കെ ആവശ്യമായ സമുദായ പരീക്ഷകൾ അവർ സമ്മതിച്ചു കൊടുക്കുകയാണ് വേണ്ടത്. അതോടുകൂടി ജാതി വാദങ്ങൾക്ക് നിതാനമായ ജാതിയില്ലാതാക്കാനും അവർ ശ്രമിക്കണം. ജാതിയില്ലാതാക്കുവാൻ അവർ ആദ്യമായി ശ്രമിക്കേണ്ടത് അവരവരുടെ ജാതിയിലോ സമുദായങ്ങളിലും ആണ്. അപ്പോൾ മാത്രമേ അവർ പറയുന്ന അർത്ഥത്തിലുള്ള ജാതി ചിന്തയും ഇല്ലാതാകുകയുള്ളൂ.അല്ലാതെ ഇതെല്ലം നിലനിർത്തിക്കൊണ്ട് ജാതി ചിന്ത പാടില്ലെന്ന് പറയുന്നത് തീ ആളിച്ചു കൊണ്ടും ചൂടില്ലാതാക്കണമെന്ന് പറയുന്നതുപോലെ അസാധ്യ വാദമാണ്.”
“ഇതു ശ്രീനാരായണ നിർദേശങ്ങൾക്ക് എതിരല്ലേ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ അല്ല എന്നും ഖണ്ഡിതമായി തന്നെ പറഞ്ഞുകൊള്ളുന്നു .എന്നുതന്നെയല്ല അത് ശ്രീനാരായണ വാക്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ഇപ്പോൾ അത്യാവശ്യമായി തീർന്നിട്ടുള്ള ഒരു പ്രതിവിധി പ്രയോഗമാണ്. ജാതി ചോദിക്കരുതെന്ന് തുടങ്ങുന്ന ശ്രീനാരായണ വാക്യം ജാതി ഇല്ലാതാക്കുന്ന സ്ഥിതി കൈവരിക്കാൻ ഉദ്ദേശിച്ച് പറഞ്ഞിട്ടുള്ളതാണ്. സാമുദായിക അവശതകൾ പരിഹരിക്കാനുള്ള സംവരണം മുതലായ പരിരക്ഷയ്ക്ക് എതിരായി ഉപയോഗിക്കാൻ വേണ്ടി പറഞ്ഞിട്ടുള്ളതല്ല. ജാതിയും ജാതി മേധാവിത്വങ്ങളും നിലനിർത്തുന്നത് ആഗ്രഹിക്കുന്നവർ മാത്രമേ പിന്നോക്കകാരുടെ പരിരക്ഷയ്ക്കെതിരായി അത് ഉപയോഗിക്കുകയുള്ളൂ ആ ഉപയോഗം ഇപ്പോൾ വളരെ കലശലായിരിക്കുകയാണ്. സംവരണത്തിനെതിരായി ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്നുള്ള ശ്രീനാരായണവാക്യം ഉദ്ധരിക്കുന്നവരോട് ജാതി ചോദിക്കണം പറയണം ചിന്തിക്കണം എന്ന് തന്നെ പറയണം. ജാതി പുലരണമെന്ന് ഉദ്ദേശത്തോടുകൂടി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. ജാതി തകർക്കാൻ ആവശ്യമായാൽ ജാതി ചോദിക്കണം, പറയണം ,ചിന്തിക്കണം.”
“ഇപ്പോൾ വിഭാഗീയതയെ പഴിക്കുന്ന അവർണ്ണരും അധികവും വിഭാഗീയതയുടെ വിഷമങ്ങളുമായി ഏറ്റുമുട്ടുമ്പോൾ മാത്രം അങ്ങനെ ചെയ്യുന്നതാണ്. അവർ സ്വയം വിഭാഗീയതയ്ക്ക് അതീതരായിരിക്കുകയില്ല. സ്വന്തം വിഭാഗീയത ഓർക്കാതെയും മുറുകെപ്പിടിച്ചും മറ്റുള്ളവരുടെ വിഭാഗീയതയെ മാത്രമാണ് അവർ പഴിക്കുന്നത്. ആ പഴിക്കലിന് വിഭാഗീയത ഇല്ലാതാക്കാനുള്ള ശക്തി ഉണ്ടായിരിക്കുകയില്ല.”
സഹോദരൻ അയ്യപ്പൻ എഴുതിയിരുന്ന ആഴ്ച്ച കുറിപ്പുകൾ അതെഴുതിയ കാലത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മാറ്റി അതിലെ ഏതെങ്കിലും ഒരു വാചകം മാത്രമെടുത്ത് അരനൂറ്റാണ്ടിന് ശേഷം പ്രചരിപ്പിക്കുന്നത് എന്ത് ഉദ്ദേശത്തിലാണെന്നു ഊഹിക്കാമല്ലോ?
സഹോദരൻ അയ്യപ്പൻ സമുദായ പ്രാതിനിത്യത്തിന് വേണ്ടി വാദിച്ചിരുന്ന ആളായിരുന്നെങ്കിലും അദ്ദേഹം ഒരുകാലത്തും ഈഴവസമുദാത്തിലെ സ്വത്വ രാഷ്ട്രീയത്തിന് ഒപ്പം നിന്ന ആളല്ല. മന്ന – ശങ്കരന്മാരുടെ ഹിന്ദു മഹാമണ്ഡല കലാപരിപാടികളുടെ കാലം മുതൽ തന്നെ അതിനെ എതിർത്തിരുന്നു. 1968 ൽ ആണ് അദ്ദേഹം മരിക്കുന്നത്. അതുവരെ അദ്ദേഹം ഒരു സ്വത്വ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഭാഗമായിട്ടില്ല എന്ന് മാത്രമല്ല. 1950 നു ശേഷം അദ്ദേഹം സമുദായ സംഘടന തന്നെ പിരിച്ചുവിട്ട് യുവാക്കൾ ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമാകാനും അധികാരത്തിൽ പങ്കാളികളാകാനും രാഷ്ട്രീയ അധികാരത്തിലൂടെ മാത്രമേ ജനാധിപത്യത്തിൽ അധഃകൃതത്വം ഇല്ലാതാകൂ എന്നും പറഞ്ഞയാളാണ്. അത് ഗുണമായോ ദോഷമായോ എന്നതിനേക്കാൾ അന്നത്തെ ഈഴവയുവാക്കൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായതിൽ സഹോദരൻറെ ഈ നിലപാടിന് മുഖ്യപങ്കുണ്ട്. ഈഴവ സമുദായത്തിൽ പിന്നീടുണ്ടായ എസ്ആർപി മുതൽ ബിഡിജെഎസ് വരെ പച്ചപിടിക്കാതെ പോയതും അതുകൊണ്ടുകൂടിയാണ്.
ജാതിക്കെതിരായ പോരാട്ടവും യുക്തിവാദികളും:
ഇന്ത്യയിൽ ചാർവാകന്മാരുടെ കാലം മുതൽ യുക്തിവാദികളാണ് ചാതുർവർണ്യത്തെയും ബ്രാഹ്മണിസത്തെയും ചോദ്യം ചെയ്തു തുടങ്ങിയത്.
1917 ൽ തന്നെ സഹോദര സംഘം മിശ്രഭോജനത്തിന് ശേഷം ചൊല്ലിച്ചിരുന്ന പ്രതിജ്ഞ ദൈവത്തെ പ്രതി ആയിരുന്നില്ല. “ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധമാണ്” ദൈവദശകത്തിന് ബദലായി സയൻസ് ദശകത്തിലൂടെ മാത്രമല്ല, താൻ നടത്തിയ ഏറ്റവും വലിയ ഇടപെടലായ മിശ്രഭോജനത്തിൽ പോലും അയ്യപ്പൻ സയൻസുമായി അതിനെ ലിങ്ക് ചെയ്യുന്നുണ്ട്. സയൻസിന്റെ രീതിശാസ്ത്രത്തിലൂടെ പരിശോധിക്കുമ്പോൾ ജാതി വ്യത്യാസം സമ്പൂർണ്ണ അസംബന്ധവും മനുഷ്യവിരുദ്ധവും ആണ് എന്നാണ് അയ്യപ്പൻ പ്രതിജ്ഞ ചെയ്യിക്കുന്നത്. ദൈവദശകത്തിന് ബദലായി സയൻസ് ദശകം എഴുതുക മാത്രമല്ല, ഗുരു അംഗീകരിക്കാത്ത പരിണാമ സിദ്ധാന്തത്തെക്കുറിച്ച് “പരിണാമം” എന്ന പേരിൽ തന്നെ അയ്യപ്പൻ കവിതയെഴുതുന്നുണ്ട്.
ഞാൻ ഇത്രയും പറഞ്ഞത് സഹോദരൻ അയ്യപ്പൻറെയും ഡോ. അംബേദ്കറുടെയും ജാതിവിരുദ്ധ പ്രവർത്തനങ്ങളെ യുക്തിവാദികൾ ദുർവ്യാഖ്യാനിക്കുന്നു എന്ന് പറഞ്ഞു സ്വത്വ രാഷ്ട്രീയ ബുദ്ധിജീവി അയ്യപ്പനെ സ്വത്വ രാഷ്ട്രീയ വാദി ആക്കാൻ ശ്രമിക്കുന്ന പോസ്റ്റ് കൂടി കണ്ടതുകൊണ്ടാണ്.
അയ്യപ്പൻ വീണ്ടും 10 വർഷം കഴിഞ്ഞു 1926 ൽ ഉണ്ടാക്കിയ സംഘടനയുടെ പേര് “യുക്തിവാദി സഭ” എന്നായിരുന്നു. ആ സംഘടനയുടെ മുഖപത്രമായി ആരംഭിച്ച മാസികയുടെ പേര് തന്നെ “യുക്തിവാദി” എന്നായിരുന്നു. വീണ്ടും 1931 ൽ സഹോദര സംഘം ആ സംഘടനയിൽ ലയിച്ചുകൊണ്ട് കൊച്ചിയിലെ പച്ചാളം അയ്യപ്പൻകാവിൽ വെച്ച് രൂപം കൊടുത്ത സംഘടയുടെ പേര് ‘യുക്തിവാദി സംഘം’ എന്നായിരുന്നു, സഹോദരൻ അയ്യപ്പൻ അവസാനം പങ്കെടുത്ത യുക്തിവാദികളുടെ മീറ്റിങ് ഒരു സംഘടനയുടെ രൂപീകരണ യോഗം ആയിരുന്നു. അതിൽ പങ്കെടുത്ത ഡോ. ബി ഇക്ബാൽ, സുബ്രഹ്മണ്യൻ സാർ എന്നിവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആ സംഘടനയുടെ പേര് ‘കേരളാ യുക്തിവാദി സംഘം’ എന്നായിരുന്നു.
അതുകൊണ്ട് സ്വത്വരാഷ്ട്രീയക്കാർ മനസിലാക്കുക അദ്ദേഹത്തെ പിടിച്ചുകെട്ടി യുക്തിവാദി ആക്കേണ്ട ആവശ്യം യുക്തിവാദികൾക്കില്ല. അതുള്ളത് നിങ്ങൾക്കാണ്. സഹോദരൻ അയ്യപ്പൻ ഉണ്ടാക്കിയ കേരളത്തിലെ ആദ്യ യുക്തിവാദി പ്രസ്ഥാനത്തിൻറെ പ്രസിഡന്റ് രാമവർമ്മ തമ്പാൻ ആയിരുന്നു. ജനറൽ സെക്രട്ടറി എംസി ജോസഫ് ആയിരുന്നു, ട്രഷറർ പനമ്പിള്ളി ഗോവിന്ദമേനോൻ ആയിരുന്നു. അവരെല്ലാം സവർണ്ണരല്ലേ? പിന്നെങ്ങനെയാണ് സ്വത്വവാദമാകുന്നത്?
യുക്തിവാദിയുടെ നിലപാട് എങ്ങിനെ ആയിരിക്കുമെന്ന് സഹോദരൻ അയ്യപ്പൻ ഇങ്ങനെ എഴുതി:
“യുക്തിവാദം ഒരു മതമല്ല. അത് യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം സ്വീകരിക്കുക എന്ന ഒരു മനോഭാവമാണ്. ഈ മനോഭാവം ജനങ്ങളിൽ സൃഷ്ടിക്കാനായിരിക്കും ‘യുക്തിവാദി’ യുടെ ശ്രമം. അതിനു യുക്തിവിരുദ്ധമായ വിശ്വാസങ്ങളെ ഖണ്ഡിക്കുകയും യുക്തിയുക്തമായ അറിവിനെ പരത്തുകയും വേണം. പരിപൂർണ ജ്ഞാനത്തിലും അഭേദ്യ ജ്ഞാനത്തിലും യുക്തിവാദിക്ക് വിശ്വാസമില്ല. അതുകൊണ്ട് യുക്തിക്കനുസരിച്ച് ശരിയെന്നു കണ്ട് ഒരിക്കൽ പറയുന്നത് പിന്നെ പുതിയ അന്വേഷണങ്ങളുടെ ഫലമായി തെറ്റെന്നു കണ്ടാൽ തെറ്റെന്നും മുൻപ് തെറ്റെന്നു കണ്ടത് അപ്രകാരം പിന്നെ ശരിയെന്നു കണ്ടാൽ ശരിയെന്നും സമ്മതിക്കുവാൻ യുക്തിവാദിക്ക് വിരോധമില്ല. അങ്ങനെ സമ്മതിക്കേണ്ടത് യുക്തിവാദിയുടെ മുറയുമാണ്. അറിവ് യുക്തിയുക്തമായിരിക്കണമെന്നതിൽ മാത്രമാണ് യുക്തിവാദി സ്ഥിരത എടുക്കുന്നത്.” ഇത് സ്വത്വ രാഷ്ട്രീയ വാദമാണോ?
”അറിവാണ് ഏറ്റവും വലിയ അഭിവൃദ്ധി മാർഗം. നാനാ ദേശക്കാരുടെയും നോക്കെത്താത്ത കാലം മുതൽക്കുള്ള വിവിധ അന്വേഷണങ്ങളുടെ ഫലമായി അറിവിന്റെ ഒരു പ്രവാഹം ലോകത്തിൽ മുന്നോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്. നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്ത്യാധിഷ്ഠിതമായ ചിന്തനവും മാത്രമാണ് ഈ പ്രവാഹത്തെ ത്വരിപ്പിക്കുന്നത്”. “നിരീക്ഷണവും ചിന്തനവും എത്ര നിർബന്ധവും സ്വതന്ത്രവും ആകുന്നുവോ അത്രയ്ക്ക് അറിവിന്റെ വളർച്ചയ്ക്ക് സൗകര്യമധികമാകുന്നു എന്നും സഹോദരൻ യുക്തിവാദിയുടെ ആദ്യലക്കത്തിൽ തന്നെ പ്രസ്താവിക്കുന്നുണ്ട്. അറിവെല്ലാം പരിപൂർണ്ണമായി ആദ്യം ലഭിച്ചു പോയി എന്നും യുക്തിക്കും അനുഭവത്തിനും വിരുദ്ധമായിട്ടുള്ള ശ്രുതി- വിശ്വാസം ജനങ്ങളുടെ അന്വേഷണ ബുദ്ധിയെ സ്തംഭിപ്പിക്കുന്നു എന്നും അയ്യപ്പൻ പറയുന്നു.
അതുകൊണ്ട് സഹോദരന് പ്യൂരിറ്റൻ യുക്തിവാദികളുടെയോ സ്വത്വരാഷ്ട്രീയ വാദികളുടെയോ ‘യുക്തിവാദി’ സർട്ടിഫിക്കറ്റ് ഒന്നും ആവശ്യമില്ല.
അഴീക്കോട് മാഷ് സഹോദരനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
“സഹോദരൻ അയ്യപ്പൻ ഒരു പാരമ്പര്യത്തെയും തുടർന്നില്ല. അദ്ദേഹം ഒരൊഴുക്കിൻറെയും ഭാഗമായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും പൂർവ്വാർജ്ജിതമായിരുന്നില്ല. അതിനാൽ അദ്ദേഹം ആരെന്ന് ചോദിച്ചാൽ പൊടുന്നനവെ ഒരുത്തരം കണ്ണടച്ചു പറയാൻ പണ്ഡിതന്മാർക്കുപോലും പ്രയാസമുണ്ട്. (അതു കൊണ്ടാകുമോ മാന്യമായ ‘ഹിന്ദു’ പത്രം സഹോദരൻ്റെ ചരമത്തിൽ എഴുതിയത്, ‘ഒരു മുൻ തിരു-കൊച്ചി മന്ത്രി നിര്യാതനായി’ എന്ന്) സഹോദരൻ അയ്യപ്പൻ ആരാണെന്നാണ് പറയേണ്ടത്? ഭാരതത്തിലും കേരളത്തിലും മുമ്പുപയോഗിച്ചുപോന്നിരുന്ന പദശൈലികൾ, അദ്ദേഹം നിർവ്വഹിച്ച കർമ്മങ്ങളിലൂടെ വികസിതമായ ആ വ്യക്തിത്വത്തെ പേരിട്ടുവിളിക്കുവാൻ അപര്യാപ്തമായിരുന്നു. അദ്ദേഹത്തെ നാം ‘സമുദായപരിഷ്ക്കർത്താവ്’ എന്നോ ‘ഉൽപതിഷ്ണു’ എന്നോ ‘സാമൂഹ്യവിപ്ലവകാരി’ എന്നോ ഒക്കെ നിർദ്ദേശിക്കുമ്പോൾ ഇവിടെ ചിരന്തനമായി പാരമ്പര്യപ്രതിഷ്ഠിതങ്ങളായ സംജ്ഞകൾ അല്ല ഉപയോഗിക്കുന്നതെന്നോർക്കണം. ആ വാക്കുകൾ സംസ്കൃതത്തിൽ നിന്ന് വന്നവയാണെങ്കിൽപോലും.
അതിനാൽ സഹോദരൻ അയ്യപ്പൻ പൂർവ്വപാരമ്പര്യങ്ങളുടെ പൂരണത്തിന്നോ വികാസത്തിന്നോ വന്ന ആളായിരുന്നില്ലെന്നും, പുതിയൊരു പാരമ്പര്യത്തിൻറെ ഉദ്ഘാടകനായിരുന്നുവെന്നും നമുക്ക് ഒന്നാമതായി ഓർമ്മവെയ്ക്കുക. അയ്യപ്പനു തുല്യനായ മറ്റൊരാളെ അതിന്നു മുമ്പത്തെ കേരളചരിത്രത്തിൻറെ ഏടുകളിൽ എവിടെയെങ്കിലും തൊട്ടുകാട്ടിത്തരാൻ ആർക്കും കഴിയുകയില്ല. സഹോദരൻ അയ്യപ്പൻറെ ആത്മീയപൈതൃകം അന്വേഷിച്ചുപോകുന്നവർ വോൾട്ടയർവരെ എത്തിച്ചേരും അഥവാ എത്തിച്ചേരണം. ശ്രീനാരായണഗുരുവിൽച്ചെന്ന് അവരുടെ അന്വേഷണയാത്ര അവസാനിച്ചുപോയാൽ അയ്യപ്പനെ പൂർണ്ണമായി കണ്ടെത്താനാവില്ലെന്ന് സൂചിപ്പിക്കാൻ ഇത്ര വിശദീകരിച്ചാൽ മതിയെന്ന് തോന്നുന്നു. ” -സുകുമാർ അഴീക്കോട്
ചില ഭക്തശിരോമണികൾ പ്രചരിപ്പിക്കുമ്പോലെ ശ്രീനാരയണഗുരു മനുഷ്യ പുരോഗതിയുടെ അവസാന വാക്കാണെന്ന് കരുതിയ ആളുമല്ല സഹോദരൻ അയ്യപ്പൻ.
“ശ്രീനാരായണൻ പറയേണ്ടതെല്ലാം പറഞ്ഞു. അതെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ മതി എന്ന് വച്ചു കൂടാ. മനുഷ്യസമുദായം പുതിയ പുതിയ പ്രശ്നങ്ങൾ ഉദിച്ചും പുതിയ പുതിയ തീരുമാനങ്ങൾ കണ്ടും എന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എന്നന്നേക്കു മാത്രം എല്ലാറ്റിനുമായും ഉള്ള ഒറ്റമൂലി തീരുമാനം മനുഷ്യ പുരോഗതിയിൽ ഇല്ല. വിപ്ലവകരമായ മാറ്റങ്ങളാൽ പൊതുവേ മനുഷ്യസമുദായ ഗതിയിലോ പ്രത്യേക ജനങ്ങളുടെ ഗതിയിലോ പുതിയ മറ്റു വഴികൾ വെട്ടി തുറക്കുന്ന പല മഹാന്മാരെയും വെച്ച് അവർ തുറന്ന മാർഗങ്ങൾ തന്നെ അവരുടെ അനുയായികളുടെ ഭക്തി പാരവശ്യം അടച്ചു കളഞ്ഞിട്ടുണ്ട്. ശ്രീനാരായണൻ തുറന്ന മാർഗം ശ്രീനാരായണനെ വെച്ച് അടയ്ക്കാൻ ഇട വരാതിരിക്കട്ടെ”.- സഹോദരൻ അയ്യപ്പൻ
Content Highlights: This note serves as a response to discussions by certain ‘puritanical’ rationalists—sparked by a clipping from yesterday’s ‘Mathrubhumi’ newspaper—as well as to posts by certain intellectuals focused on identity politics.


