Sun. Nov 22nd, 2026

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. അരുൺ ബോസ് സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25-ന് ക്രിസ്മസ് ദിനത്തിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ‘ലൂക്ക’, ‘മാരിവില്ലിൻ ഗോപുരം’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ അരുൺ ബോസും മൃദുൽ ജോർജും ചേർന്നാണ്. സൂരജ് എസ്. കുറുപ്പ് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിനായി മധു അമ്പാട്ട് ക്യാമറ ചലിപ്പിക്കുകയും കിരൺ ദാസ് എഡിറ്റിംഗ് നിർവ്വഹിക്കുകയും ചെയ്തു.

പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഉണ്ണി മുകുന്ദനും അപർണ ബാലമുരളിക്കും പുറമെ ജൂഡ് ആന്തണി ജോസഫ്, ജാഫർ ഇടുക്കി, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനീസ് നാടോടി കലാസംവിധാനവും ഗായത്രി കിഷോർ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിട്ടുള്ള ഈ ചിത്രം ജാഗ്വാർ സ്റ്റുഡിയോസാണ് തിയറ്ററുകളിലെത്തിക്കുന്നത്.