Fri. Nov 20th, 2026

റീ-റിലീസുകൾ വലിയ വിജയം നേടുന്ന ഈ സമയത്ത്, തമിഴകത്ത് നിന്നും ഒരു സൂപ്പർ ഹിറ്റ് ചിത്രം കൂടി വീണ്ടും പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രം ‘അണ്ണാമലൈ’ ആണ് ഡിസംബർ 12-ന് തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യുന്നത്. 1992-ൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ ഈ ചിത്രം സംവിധാനം ചെയ്തത് സുരേഷ് കൃഷ്ണയാണ്. രജനികാന്ത് ടൈറ്റിൽ കഥാപാത്രമായ അണ്ണാമലൈയെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ഖുശ്ബു, ശരത് ബാബു, രേഖ, രാധാ രവി, ജനകരാജ്, നിഴൽഗൾ രവി, പ്രഭാകർ, വിനു ചക്രവർത്തി, മനോരമ, വൈഷ്ണവി തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി ഏറ്റവുമൊടുവിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ‘കൂലി’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ആക്ഷൻ എന്റർടെയ്‌നറിന് അദ്ദേഹം ചന്ദ്രു അൻപഴകനുമായി ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അനിരുദ്ധ് രവിചന്ദറിൻ്റെ സംഗീതവും ഗിരീഷ് ഗംഗാധരൻ്റെ ഛായാഗ്രഹണവും സിനിമയ്ക്ക് മികച്ച ദൃശ്യാനുഭവം നൽകി. രജനികാന്തിനൊപ്പം പ്രമുഖ താരങ്ങളായ നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ, ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ ഒരു സുപ്രധാന അതിഥി കഥാപാത്രമായി ചിത്രത്തിൽ എത്തിയിരുന്നു.

ഇന്ത്യൻ സിനിമയിലെ റീ-റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ഇപ്പോൾ ‘ബാഹുബലി’ ഫ്രാഞ്ചൈസിക്ക് സ്വന്തമാണ്. എസ്.എസ്. രാജമൗലിയുടെ മേൽനോട്ടത്തിൽ, രണ്ട് ഭാഗങ്ങളും ചേർത്ത് റീ-എഡിറ്റിംഗും റീ-മാസ്റ്ററിംഗും നടത്തിയ ചിത്രം ‘ബാഹുബലി: ദി എപിക്’ എന്ന പേരിലാണ് നവംബർ 2-ന് റീ-റിലീസ് ചെയ്തത്. ആഭ്യന്തര വിപണിയിൽ മാത്രമല്ല, വിദേശ മാർക്കറ്റുകളിലും തരംഗമായ ‘ബാഹുബലി: ദി എപിക്’ ആഗോളതലത്തിൽ നിന്ന് 51 കോടിയിലധികം രൂപയാണ് ആകെ കളക്ഷൻ നേടിയത്.