മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘ലോക’ സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ചിത്രം ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാർ വഴി സ്ട്രീമിങ് ആരംഭിക്കും. വലിയ പ്രീ-റിലീസ് ഹൈപ്പുകൾ ഇല്ലാതെയാണ് ‘ലോക’ തിയേറ്ററുകളിലെത്തിയത്. എന്നാൽ, അൻപത് ദിവസത്തോളം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന ചിത്രം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 300 കോടി രൂപയുടെ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ചു. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നസ്ലെൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി തുടങ്ങിയവരും, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ കാമിയോ വേഷങ്ങളിലും എത്തിയിരുന്നു.
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം എന്ന ഖ്യാതിയോടെയാണ് ‘ലോക’ പ്രേക്ഷകരിലേക്ക് എത്തിയത്. കള്ളിയങ്കാട്ട് നീലി എന്ന ഐതിഹ്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അഞ്ച് ഭാഗങ്ങളുള്ള ഒരു ഫിലിം ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമായ ‘ചാപ്റ്റർ 1 ചന്ദ്ര’ ആണിത്. ടൊവിനോ തോമസ് ‘ചാത്തനായി’ എത്തുന്ന രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. തിയേറ്ററുകളിൽ വൻ വിജയം നേടിയ ശേഷമാണ് ‘ലോക’ ഒടിടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.


