✍️ സുരേഷ്. സി.ആർ
കുടിൽ മുതൽ കൊട്ടാരം വരെ, കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ, പാമരൻ മുതൽ പണ്ഡിതർ വരെ ഏതവസ്ഥയിലും ഏതു പ്രായത്തിലും ഏതു സ്ഥിതിയിലുമുള്ളവർക്ക് വായിച്ചാസ്വദിക്കുകയും ചിന്തിക്കുക്കുകയും ചെയ്യത്തക്കവണ്ണം ഹൃദ്യസ്ഥമായ ‘ഐതിഹ്യമാല’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിൽ പ്രസിദ്ധനാണ് കൊട്ടാരത്തിൽ ശങ്കുണ്ണി (1855 – 1937.)
.
വൈകുന്നേരത്തെ വിശ്രമവേളകളിൽ വറുഗീസ് മാപ്പിളയോട് സന്ദർഭവശാൽ പറയേണ്ടിവന്ന ഐതിഹ്യകഥകളാണ് പിന്നീട് അദ്ദേഹത്തിന്റെ താത്പര്യപ്രകാരം ‘ഭാഷാപോഷിണി’യിലും മനോരമയിലുമായി പ്രസിദ്ധീകരിക്കപ്പെട്ട് ഐതിഹ്യമാലയായി മാറിയത്.

1909 ൽ ഈ ലേഖനങ്ങൾ “ലക്ഷ്മീഭായി” മാസികയുടെ പ്രസാധകർ വെള്ളായ്ക്കൽ നാരായണ മേനോന്റെ ശ്രമഫലമായി സമാഹരിച്ച് 1934 വരെ 25 വർഷത്തിനിടയ്ക്ക് എട്ടു വാല്യങ്ങളായി ‘ ഐതീഹ്യമാല’ പ്രസിദ്ധീകരിക്കപ്പെട്ടു. 1978 മുതൽ ഇന്നത്തെ രൂപത്തിൽ ഒറ്റ പുസ്തകമായി.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആദ്യ ഗ്രന്ഥമാണ് സുഭദ്രാഹരണം. പതിമൂന്ന് മണിപ്രവാള കൃതികൾ, മൂന്ന് സംസ്കൃത നാടകങ്ങളുടെ തർജ്ജമ, നാലു പുരാണകഥകൾ, രണ്ട് കല്പിത കഥകൾ, അഞ്ച് ആട്ടക്കഥകൾ, എട്ട് കൈകൊട്ടിക്കളിപ്പാട്ടുകൾ, വിനായക മാഹാത്മ്യം കിളിപ്പാട്ട്, ആറ് ശീതങ്കൻ തുള്ളൽപ്പാട്ടുകൾ, രണ്ട് വഞ്ചിപ്പാട്ടുകൾ എന്നിങ്ങനെ എല്ലാ പ്രസ്ഥാനത്തിൽപ്പെടുന്ന കൃതികളും അദ്ദേഹം രചിച്ചു.
ഭാഷാപോഷിണി, വിദ്യാവിനോദിനി, ലക്ഷ്മീഭായി, കവനകൗമുദി തുടങ്ങി അന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രധാന മാസികകളിലെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്.
തിരുവതാംകൂറിലെ ശ്രീമൂലം തിരുനാൾ മഹാരാജാവ് റീജന്റ് മഹാറാണി സേതുലക്ഷ്മിബായി, കോഴിക്കോട് മാനവിക്രമൻ ഏട്ടൻ തമ്പുരാൻ, കേരളവർമ വലിയകോയിത്തമ്പുരാൻ, കടത്തനാട്ട് ഉദയവർമ തമ്പുരാൻ തുടങ്ങിയവർ പല ബഹുമതികളും നൽകി ശങ്കുണ്ണിയെ ആദരിച്ചു.
1919ൽ കൊച്ചി രാജാവ് ‘കവിതിലകൻ’ ബഹുമതി നൽകി. ഇത്രയധികം രാജകീയസമ്മാനങ്ങളും ബഹുമതികളും നേടിയ ഒരു കവി അക്കാലത്തുണ്ടായിരുന്നില്ല.


