Sun. Nov 22nd, 2026

ഡല്‍ഹി: തന്റെ സുരക്ഷാ സംഘത്തില്‍ നിന്ന് പഞ്ചാബിലെ ഉദ്യോഗസ്ഥരെ മാറ്റി ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയെന്ന് എഎപി നേതാവ് അരവിന്ദ് കേജ്രിവാള്‍. ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്നും കേജ്രിവാള്‍ ചോദിച്ചു.

”ഗുജറാത്ത് പൊലീസിന്റെ ഈ ഉത്തരവ് വായിക്കുക. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബ് പൊലീസിനെ നീക്കി ഗുജറാത്ത് പൊലീസിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചു എന്നാണ് പറയുന്നത്. എന്താണ് ഇവിടെ സംഭവിക്കുന്നത്?” കേജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചതാണെന്നും ഗുജറാത്തിനെ പ്രത്യേകമായി പരാമര്‍ശിച്ചത് എന്തിനാണെന്നും കേജ്‌രിവാളിനോടു ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സങ്വി ചോദിച്ചു.

”തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. ഗുജറാത്തില്‍നിന്നു മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍നിന്നു സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തില്‍നിന്ന് 8 കമ്പനി സേനയെ ഡല്‍ഹിയിലേക്ക് അയച്ചു. എന്തുകൊണ്ടാണ് ഗുജറാത്തിനെ മാത്രം തിരഞ്ഞെടുത്ത് പരാമര്‍ശിക്കുന്നത്?” ഹര്‍ഷ് സങ്വി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് കേജ്രിവാള്‍ ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതെന്നു ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.