പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഷഹന ഷെറിനെ ഗോവ മഡ്‌ഗോണില്‍ നിന്ന് കണ്ടെത്തി. നിലമ്പൂരില്‍ നിന്നുള്ള അധ്യാപകരുടെ യാത്രാ സംഘം ഗോവയില്‍ വെച്ച് കുട്ടിയെ കാണുകയും, സംശയത്തെ തുടര്‍ന്ന് ഗോവ മഡ്‌ഗോണ്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മഡ്‌ഗോണ്‍ പൊലീസ് പട്ടാമ്പി പോലീസുമായി ബന്ധപ്പെട്ട് വിവരം സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടിയുടെ പിതാവ് കുട്ടിയുമായി ഫോണില്‍ സംസാരിച്ചു. മഡ്‌ഗോണ്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് വെച്ച് കുട്ടിയെ കണ്ടത്.
ഡിസംബര്‍ 30 തിങ്കളാഴ്ച കാലത്ത് പതിവുപോലെ ട്യൂഷന്‍ സെന്ററില്‍ പോയതാണ് ഷഹന ഷെറിന്‍. ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളില്‍ എത്തേണ്ട സമയമായിട്ടും കാണാതായതോടെ അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ഉടനെ പൊലീസില്‍ വിവരമറിയിച്ചു.
പരിശോധനയില്‍ ഒമ്പത് മണിയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലേക്ക് കയറുന്നതായി ഷെറിന്റെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പാര്‍ക്കിങ്ങിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് ഷെറിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നത് എങ്കിലും സിസിടിവിയില്‍ പര്‍ദ്ദയാണ് വേഷം.

