ചെന്നൈ: ധനുഷിന്റെ ഹർജിയിൽ ജനുവരി എട്ടിനകം നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്ക്സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നയൻതാര പകർപ്പവകാശം ലംഘിച്ചെന്നാണു ധനുഷിന്റെ ഹർജി.
നയൻതാരയുടെ ജീവിതകഥ പറയുന്ന ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ തമിഴ് ചിത്രമായ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് കാണിച്ചാണ് നയൻതാരയ്ക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 10 കോടി രൂപയുടെ പകർപ്പവകാശ നോട്ടീസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വിവാദമായിരുന്നു.
ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ധനുഷിന്റെ നിർമാണ കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇതു പരിഗണിക്കുന്നത് മനപ്പൂർവം വൈകിക്കുകയും ചെയ്തതായി നയൻതാര പറഞ്ഞു. ധനുഷിന് തന്നോട് പകയാണെന്നായിരുന്നു നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്. തുടർന്ന് ഡോക്യുമെന്ററി നിർമിക്കാൻ തന്നോട് സഹകരിച്ച നിർമാതാക്കളുടെ പേരുവിവരങ്ങളും നടി പുറത്തുവിട്ടിരുന്നു.


