കൊച്ചി: പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും അദ്ധ്യാപകനുമായ ഡോ. ടി എസ്. ശ്യാംകുമാറിന് നേരെ സനാതനികളുടെ സൈബർ ആക്രമണവും അസത്യപ്രചാരണങ്ങളും കൊലവിളിയും. അദ്ദേഹത്തെ ‘കണ്ടാൽ തല തല്ലിപൊട്ടിക്കണം’ എന്നു വരെയാണ് ചിലർ ആഹ്വാനം ചെയ്യുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം തന്നെ നേരത്തെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
യുട്യൂബിലും ഫെയ്സ് ബുക്കിലും സുഹൃത്തുക്കൾ ഷെയർ ചെയ്യുന്നാ അദ്ദേഹത്തിൻറെ പ്രഭാഷണങ്ങളുടെയെല്ലാം കമന്റ് ബോക്സ് അധിക്ഷേപങ്ങൾ കൊണ്ട് നിറയുകയാണ്. ഇതിൽ ആക്രമണ ആഹ്വാനങ്ങൾ ഉൾപ്പെടെയുണ്ട്. കണ്ടാൽ തല തല്ലിപൊട്ടിക്കണം എന്നു വരെ ചിലർ ആഹ്വാനം ചെയ്യുന്നു. അതും പോരാഞ്ഞിട്ട് ഇപ്പോൾ ക്രിസ്തുമതത്തെയും ഇസ്ലാം മതത്തെയും കുറിച്ച് അദ്ദേഹത്തിൻറെ പേരിൽ അദ്ദേഹം പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിൻറെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റർ ഉണ്ടാക്കി പ്രചരിപ്പിച്ചു വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുകയും അദ്ദേഹത്തെ വധിക്കാൻ ആഹ്വനം ചെയ്യുകയുമാണ്.
സയൻസിന്റെ ചിന്താപദ്ധതി പിന്തുടരുന്ന വ്യക്തിയെന്ന നിലക്ക് തനിക്ക് ഒരു മതത്തിൻറെയും അൽഭുത പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിക്കേണ്ട കാര്യമില്ലെങ്കിലും താൻ പറയാത്ത കാര്യങ്ങൾ തന്റെ പേരിൽ പ്രചരിപ്പിക്കുന്നത് ദുഷ്ടലക്ഷ്യത്തോടെയാണെന്നതിൽ സംശയമില്ലെന്ന് ഡോ. ടി എസ്. ശ്യാംകുമാർ പ്രതികരിച്ചു.
തിരിച്ചും മറിച്ചും ശ്ലോകം ചൊല്ലുകയും റബർപോലെ അർത്ഥം വലിച്ചുനീട്ടുകയും ചെയ്യുന്നതാണ് പാണ്ഡിത്യത്തിന്റെ അളവുകോൽ എന്ന് കരുതിയിരുന്ന ശ്ലോകാഭിമാനികളുടെ നാടാണ് ഇൻഡ്യ. പുഴുക്കളേക്കാൾ നികൃഷ്ടരാണ് അധഃകൃതർ എന്നുകാണിക്കുന്ന ശ്ലോകങ്ങൾക്കൊന്നും സംസ്കൃതസാഹിത്യത്തിൽ യാതോരു പഞ്ഞവുമില്ല. ഇത്തരം ശ്ലോകാഭിമാനികൾ ഈ നാടിനുണ്ടാക്കിയിട്ടുള്ള കെടുതികൾ ചില്ലറയല്ല. ഇത്തരം ഹിന്ദുമത വ്യാഖ്യാന ഫാക്ടറികളെ പൊളിച്ചടുക്കിക്കൊണ്ടും സനാതന ധർമ്മത്തെ തുറന്നുകാട്ടികൊണ്ടും ഡോ. ടി എസ്. ശ്യാംകുമാർ നടത്തുന്ന പ്രഭാഷണങ്ങൾ കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട് എന്നാണീ വധഭീഷണികളുടെ അർത്ഥം.
ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ‘സനാതന അധർമ്മ’ത്തെ തുറന്നുകാട്ടിക്കൊണ്ടുള്ള ഡോ. ടി എസ്. ശ്യാംകുമാറിൻറെ പ്രഭാഷണങ്ങൾ സാംസ്കാരികരംഗത്ത് വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നതും അദ്ദേഹത്തിന് അക്കാദമിക്ക് സെമിനാറുകളിലും പുറത്തും നിരവധി വേദികൾ ലഭിച്ചുകൊണ്ടിരിക്കുന്നതുമാണ് സനാതനികളെ ചൊടിപ്പിച്ചിരിക്കുന്നത്. സണ്ണി എം കപിക്കാടിനെതിരെയും ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളും കൊലവിളികളും നടക്കുന്നുണ്ട്.


