Tue. Nov 24th, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

മലയാള ചലച്ചിത്ര ഗാനശാഖയുടെ ഇന്നലെകളിൽ വിരിഞ്ഞ ഒരു അല്ലിയാമ്പൽ പൂവ് ഇന്നും വാടാതെ വിടർന്നു പരിലസിക്കുന്നു.
‘അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം’ എന്ന ഗാനം കെ വി ജോബ്‌ എന്ന ജോബ് മാസ്റ്ററുടെ മികച്ച ഒരു ഗാനമായി കാലാതിവർത്തിയായി തന്നെ ഇന്നും നിലകൊള്ളുന്നു. ഈ പാട്ടിന് സംഗീതമൊരുക്കിയ ജോബ് മാസ്റ്റര്‍ സംഗീതം എന്നത് കാല-ദേശങ്ങള്‍ക്കും,അതിരുകള്‍ സൃഷ്ടിക്കാതെ സ്വച്ഛമായി ഒഴുകുന്ന ഒരു പുഴയ്ക്കും തുല്യമാണെന്ന് തെളിയിച്ചു. എല്ലാ കാലത്തും ആ പുഴയില്‍
നീന്തിത്തുടിക്കാന്‍ അനേകം മനുഷ്യര്‍ പ്രത്യേകിച്ചും സംഗീതാസ്വാദകർ ജന്മമെടുക്കുന്നു.

സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച സാത്വികനായ ഒരു സംഗീതസംവിധായകനാണ് കെ വി ജോബ് മാസ്റ്റര്‍.സംഗീതം മാത്രം സിരകളിൽ അലിഞ്ഞു ചേർന്ന സംഗീതജ്ഞൻ.മലയാള സിനിമാ സംഗീതത്തിൽ അദ്ദേഹം സംഭാവന ചെയ്ത മനോഹരങ്ങളായ ഗാനങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഇന്നും അല്ലിയാമ്പൽ തന്നെ. അതേ സമയം അദ്ദേഹം കൂടുതൽ ഗാനങ്ങൾ ചെയ്തത് സിനിമയ്ക്ക് പുറത്താണ്. നാടകഗാനങ്ങൾ, ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ തുടങ്ങിയ രൂപങ്ങളിൽ അവയെല്ലാം ഇന്നും ആസ്വാദക മനസ്സുകളിൽ നിറഞ്ഞു നില്‍ക്കുന്നു.


ക്രിസ്തീയ വിശ്വാസിയായ അദ്ദേഹം സഭയ്ക്ക് വേണ്ടി ഭക്തിഗാനങ്ങൾ ചെയ്യാനാണ് സംഗീതസപര്യയിലൂടെ കൂടുതലും തൻ്റെ കഴിവുകൾ ഉപയോഗിച്ചത്. അദ്ദേഹത്തിന് സിനിമാരംഗത്ത് കൂടുതൽ ശ്രദ്ധിക്കാൻ പറ്റാതെ പോയതും അതുകൊണ്ടായിരുന്നുവെന്ന് അനുമാനിക്കാം. അല്ലെങ്കിൽ സിനിമാ സംഗീതത്തിലൂടെ കുറഞ്ഞത് നൂറോളം അല്ലിയാമ്പലുകൾ നമ്മുടെ കടവുകളിൽ വിരിയിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്‍പത് ജൂണ്‍ പതിനാറിന് ആണ് ജോബ് മാസ്റ്ററുടെ ജനനം. ജോബിനു സംഗീതപാരമ്പര്യം ലഭിച്ചത് പിതാവ് വര്‍ഗീസില്‍ നിന്നാണ്. കുടുംബ പ്രാര്‍ത്ഥനയ്ക്ക് ശേഷം പിതാവ് പാടിയിരുന്ന പാട്ടുകളില്‍ ഒപ്പം പാടിയാണ് കുഞ്ഞ് ജോബ് വളര്‍ന്നത്. മകൻ്റെ സംഗീതത്തിലുള്ള താല്പര്യം മനസിലാക്കിയ പിതാവ് ജോബിനെ പതിമൂന്നാം വയസില്‍ എസ് എം രാജഗോപാല ഭാഗവതരുടെ കീഴിൽ കര്‍ണാടക സംഗീതം അഭ്യസിക്കാന്‍ അയച്ചു. പിന്നീട്, തൃപ്പൂണിത്തുറ രാഘവമേനോന്‍, സംഗീതഭൂഷൺ ശിവരാമന്‍ നായര്‍ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു.

സംഗീതയാത്രയില്‍ എട്ടാം ക്ലാസില്‍ വച്ച് സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു. അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മലബാര്‍ മെയില്‍ എന്ന പ്രസ്സില്‍ അദ്ദേഹം കംപോസിറ്റര്‍ ആയി ജോലി തുടങ്ങി. ഇക്കാലത്ത് ചില ക്ലബുകളിലെ സ്ഥിരം ഹാര്‍മോണിയം വായനക്കാരനായി.ഒപ്പം നാടക സംഗീതവും, ഗാനമേള പരിപാടികളുമായി ജോബ് സംഗീതരംഗത്ത് വളര്‍ന്നു. ഡോണ്‍ ബോസ്‌കോ കലാ സമിതിയിലെ പ്രവര്‍ത്തനങ്ങളിലൂടെ കെ വി ജോബ് കൂടുതൽ അറിയപ്പെട്ടു.


ഡോണ്‍ ബോസ്‌കോയില്‍ വച്ചാണ് ജോബ് തന്റെ സംഗീത പങ്കാളിയായിരുന്ന
ജെറി അമല്‍ദേവുമായി സൗഹൃദം ആരംഭിക്കുന്നതും പിന്നീട് ഒരുമിച്ചുള്ള പ്രയാണം തുടങ്ങിയതും. എത്ര തിരക്കിനിടയിലും സംഗീതപഠനം ഒരു തപസ്യ പോലെ അദ്ദേഹം കൊണ്ടുനടന്നു. സിത്താറിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉൾപ്പെടെ പ്രാവിണ്യം നേടി. സംഗീതം കൂടുതലായി അഭ്യസിക്കാന്‍ സിംലയില്‍ പോയി. പിന്നീട് സജീവമായത് മലയാള സിനിമാ ലോകത്തായിരുന്നു.

മദ്രാസില്‍ ജോബ് മാസ്റ്ററുടെ നിരവധി നാടകഗാനങ്ങള്‍ അക്കാലത്ത് റെക്കോര്‍ഡ് ചെയ്തു. ഏകദേശം അതേ കാലയളവിലാണ് മലയാളക്കരയില്‍ ഇന്നും പ്രണയത്തിന്റെ കൊതുമ്പു വെള്ളം തുഴയുന്ന നിത്യഹരിത ഗാനമായ അല്ലിയാമ്പല്‍ 1965 ല്‍ ‘റോസി’ എന്ന സിനിമയിലൂടെ പുറത്തു വന്നത്. ജോബ് മാസ്റ്ററുടെ പ്രതിഭ ലോകം അറിയാന്‍ ആ ഗാനം ഒരു നിമിത്തമായി. ഓരോ കേരളീയൻ്റെയും ബാല്യ-കൗമാര-യൗവനങ്ങളിൽ ഗൃഹാതുര സ്മരണയുണർത്തിയ ഗാനം. റോസിക്ക് വേണ്ടി പി ഭാസ്കരൻ മാഷ് എഴുതി യേശുദാസ് പാടിയ ഹിറ്റായ ഈ പാട്ടിന് പിന്നിൽ പ്രവർത്തിച്ച അല്ലിയാമ്പലിന്റെ സംഗീത സംവിധായകൻ കെ വി ജോബ് വേണ്ടത്ര അറിയപ്പെടാതെ പോയി. കാലാതിവർത്തിയായ ഒരു പാട്ടിന്റെ സൃഷ്ടാവായിരുന്നിട്ടും ജോബ് മാസ്റ്ററിന്റെ പേര് കാര്യമായി എവിടേയും
അടയാളപ്പെടുത്തപ്പെട്ടില്ല.

കെ വി ജോബിന്റെ ജീവിതം ഏറെക്കുറെ പരിതാപകരമായ ഒരു അവസ്ഥയ്ക്ക് സമാനമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. 1964ൽ ഇറങ്ങിയ ഒരാൾ കൂടി കള്ളനായി എന്ന സിനിമയാണ് ജോബ് മാസ്റ്ററുടെ ആദ്യ സിനിമ. അതിന് ശേഷം ബല്ലാത്ത പഹയൻ, പെരിയാർ, പെങ്ങൾ,നിധി, റോസി, തൊമ്മന്റെ മക്കൾ എന്നിങ്ങനെ 7 ചിത്രങ്ങളിലായി മുപ്പതോളം ഗാനങ്ങൾക്ക് ജോബ് മാസ്റ്റർ ഈണം നൽകിയിട്ടുണ്ട്. യേശുദാസിന്റെ ശ്രദ്ധ നേടിയ ആദ്യകാല ഗാനങ്ങളിൽ ചിലതെല്ലാം കെ വി ജോബിന്റേതായിരുന്നു. അതിലൊന്നായിരുന്നു അല്ലിയാമ്പൽ. ഈ ഗാനം തന്നിലേക്കെത്തിയ കഥ യേശുദാസ് പറയുന്നുണ്ട്. അതിങ്ങനെ –

“റോസിയിലെ അഞ്ച് പാട്ടുകളിൽ ‘വെളുക്കുമ്പം പുഴയൊരു കളിക്കുട്ടി’എന്ന പാട്ട് പാടാൻ എത്തിയ എന്നോട് റോസിയിലെ മറ്റൊരു ഗാനം കൂടി പാടണമെന്ന് അതിൻ്റെ അണിയറ പ്രവവർത്തകർ ആവശ്യപ്പെട്ടു. ഗായകൻ ഉദയഭാനുവിന് വേണ്ടി നിശ്ചയിച്ച പാട്ട് ഞാൻ എങ്ങനെ പാടുമെന്ന് സംശയിച്ചു. ഒടുവിൽ ഉദയഭാനുവിൻെ തന്നെ നിർബന്ധത്തിലാണ് ഈ ഗാനം പാടുന്നത്. അങ്ങനെയാണ് അല്ലിയാമ്പൽ എനിക്ക് കിട്ടിയത്. എന്ത് ഒരുത്തന് വിധിച്ചിട്ടുണ്ടോ അതവന് ലഭിക്കുമെന്ന് എന്നെ പഠിപ്പിച്ചത് എന്റെ
അല്ലിയാമ്പലാണ് “


അന്ന് വിടർന്ന ആ അല്ലിയാമ്പലിന്റെ ശോഭ ഇന്നും നമ്മെ വിടാതെ പിന്തുടരുന്നു. ജോബ് മാസ്റ്റർ സിനിമയിലേക്കെത്തിയത് തന്നെ നാടകത്തിലൂടെയാണെന്ന് സൂചിപ്പിച്ചല്ലോ.1956ൽ ഇറങ്ങിയ ‘ഭാരമുള്ള കുരിശുകൾ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ നാടകം. സിനിമയിൽ സജീവമായപ്പോഴും തന്റെ തട്ടകം നാടകമാണെന്ന് ജോബ് മാസ്റ്റർ വിശ്വസിച്ചിരുന്നു. സുഹൃത്ത് ജോർജ്ജ് പള്ളത്താനയുമായി ചേർന്ന് മികച്ച കുറേ നാടക ഗാനങ്ങൾ മാസ്റ്റർ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നാടകത്തിലൂടെ രൂപപ്പെട്ടതാണ് ജോബ്-ജോർജ്ജ് കൂട്ടുകെട്ട്.

സിനിമാ-നാടക ഗാനങ്ങൾക്ക് പുറമേ ക്രിസ്തീയ ഭക്തി ഗാനങ്ങളും, ആൽബങ്ങളുമായി ധാരാളം സിനിമേതര ഗാനങ്ങളും കെ വി ജോബ് ഒരുക്കിയിട്ടുണ്ട്. ശ്രീകുമാരൻ തമ്പി,ഒ എൻ വി, ഭാസ്കരൻ മാസ്റ്റർ,വയലാർ തുടങ്ങി അക്കാലത്തെ പ്രമുഖ ഗാനരചയിതാക്കളുടെയെല്ലാം വരികൾക്ക് ജോബ് മാസ്റ്റർ ഈണമിട്ടു. 1970ൽ ഇറങ്ങിയ ‘പെരിയാർ’ എന്ന ചിത്രത്തോടെ ജോബ് മാസ്റ്റർ സിനിമാലോകത്തോട് വിട പറഞ്ഞു.

രോഗാതുരമായിരുന്നു മാസ്റ്ററുടെ അന്ത്യ നാളുകൾ. പാർക്കിൻസൺസ് രോഗം ജോബ് മാസ്റ്ററെ അമ്പേ തളർത്തിക്കളഞ്ഞു.ഓർമ്മകൾ ഓരോന്നായി നഷ്ടപ്പെടുമ്പോഴും സംഗീതത്തെ മനസ്സിന്റെ ചെപ്പിലെവിടെയോ സൂക്ഷിച്ചു വെക്കാൻ ജോബ് മാസ്റ്റർ ശ്രമിച്ചു. തന്നിലെ സംഗീതത്തെ മറവിയ്ക്ക് വിട്ടുകൊടുക്കാൻ മാസ്റ്റർ ഒരുക്കമല്ലായിരുന്നു. 2003 ഒക്ടോബർ 4ന് ജോബ് മാസ്റ്റർ കഥാവശേഷനായി.

വിഖ്യാത സംഗീതജ്ഞൻ മൊസാർട്ടിനെപ്പോലെ സ്വന്തം ഗാനം ശ്രവിച്ചുകൊണ്ട് അവസാന യാത്രയിലേയ്ക്ക് കടക്കണമെന്നായിരുന്നു മാസ്റ്ററുടെ ആഗ്രഹം. ‘എന്റെ ദൈവം എൻ സഹായം’ എന്ന സ്വന്തം ഗാനം കേട്ടുകൊണ്ട് അദ്ദേഹം അത് നിറവേറ്റി. മലയാളിക്ക് അല്ലിയാമ്പലിന്റെ നറുസൗരഭ്യം പകർന്നുതന്ന സംഗീത പ്രതിഭയ്ക്ക് ജീവിച്ചിരുന്ന കാലത്ത് അർഹിക്കുന്ന പരിഗണനകളൊന്നും ലഭിച്ചില്ല. എന്നാൽ അത്തരം ആകുലതകളൊന്നും ജോബ് മാസ്റ്റർക്ക് ഉണ്ടായിരുന്നില്ല. ചെയ്ത പാട്ടുകളിലും ലഭിച്ച അംഗീകാരങ്ങളിലും പൂർണ തൃപ്തനായിരുന്നു അദ്ദേഹം. അതേസമയം മരണശേഷവും അദ്ദേഹത്തെ അപ്പാടെ വിസ്മരിക്കുകയാണ് സംഗീത ലോകം ചെയ്തത്. ലാളിത്യത്തിന്റെ ലോകത്താണ് ജോബ് മാസ്റ്റര്‍ എന്നും ജീവിച്ചത്.ജീവിതാവസാനം വരെ ഭക്തിയും വിശ്വാസവും കൈവിടാതെ നിലകൊണ്ടു. അതായിരിക്കാം ഒരുപക്ഷേ ജോബ്മാസ്റ്ററുടെ പരാജയവും.