✍️ സുരേഷ്. സി ആർ
മലയാളത്തിലെ ജനപ്രിയ സിനിമയുടെ സ്ഥിരം വില്ലൻ ഇമേജിൽ തളച്ചിടപ്പെട്ടപ്പോഴും ഉന്നതമായ അഭിനയശേഷികൊണ്ട് നാടകത്തിലും സിനിമയിലും പരുക്കൻ ജീവിതഭാവങ്ങൾക്ക് പ്രകാശനം നൽകി മികച്ച നടന്മാരുടെ നിരയിൽ സ്ഥാനം നേടിയ നടനവൈഭവമാണ് ബാലൻ.കെ.നായർ (1933 – 2000). ധീരന്മാരായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം സംഘട്ടനരംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം അഭിനയിക്കുന്ന അപൂർവം നടന്മാരിൽ ഒരാളായിരുന്നു.
സുഭാഷ് തിയറ്റേഴ്സ് എന്ന സമിതി സ്ഥാപിച്ച് നാടകകങ്ങൾ അവതരിപ്പിച്ചാണ് അദ്ദേഹം കലാരംഗത്തെത്തിയത്.

1952-ൽ തിക്കൊടിയന്റെ ദേശപോഷിണി കലാസമിതി പുനരുജ്ജീവിച്ചപ്പോൾ അതിലെ സജീവ പ്രവർത്തകനായി. പ്രസവിക്കാത്ത അമ്മ, ഇതു ഭൂമിയാണ്, മനുഷ്യൻ കാരാഗൃഹത്തിൽ, കാഫർ, സൃഷ്ടി, ഉടഞ്ഞ വിഗ്രഹങ്ങൾ, ആര്യൻ അനാര്യൻ തുടങ്ങി അക്കാലത്തെ പ്രശസ്ത നാടകങ്ങളിൽ അതിശക്തമായ അഭിനയമുഹൂർത്തങ്ങൾ കാഴ്ച്ചവച്ച് മികച്ച നടനെന്ന നിലയിൽ സ്വയം വാർത്തെടുത്തു.
1969-ൽ ശങ്കർ മൂർത്തിയുടെ ‘സർഹദ്’ എന്ന ഹിന്ദി ചിത്രത്തിലൂടെ ദേവാനന്ദിന്റെ ഡ്യൂപായി ചലച്ചിത്ര രംഗത്തെത്തി. 1971-ൽ എം.ടിയുടെ രചനയിൽ എ.വിൻസന്റ് സംവിധാനം ചെയ്ത ‘നിഴലാട്ടം’ ആണ് ആദ്യ മലയാള ചിത്രം. പി.എൻ.മേനോന്റെ ‘മാപ്പുസാക്ഷി’യിലാണ് ശ്രദ്ധിക്കപ്പെട്ടത്.
മൂർഖൻ, അടിമകൾ ഉടമകൾ, കോളിളക്കം പോലെയുള്ള ചിത്രങ്ങളിൽ ഒരേ അച്ചിൽ വാർത്ത ഒട്ടേറെ വില്ലൻ വേഷങ്ങളെ അവതരിപ്പിച്ചപ്പോഴും അഗ്നി, ആൾക്കൂട്ടത്തിൽ തനിയേ, തുഷാരം, ആറാട്ട്, ഈ നാട്, ഇനിയെങ്കിലും, ലോറി, ചാട്ട, അടിയൊഴുക്കുകൾ, സംഘർഷം, വിഷ്ണുലോകം ടി.പി.ബാലഗോപാലൻ എം.എ, ഇന്ദ്രജാലം, വളർത്തുമൃഗങ്ങൾ, ഒരു വടക്കൻ വീരഗാഥ, മീനമാസത്തിലെ സൂര്യൻ, കടവ്, ഉത്തരായനം തുടങ്ങിയ ചിത്രങ്ങളിൽ അസാമാന്യ പ്രകടനങ്ങളിലൂടെ തന്റെ ജീനിയസ് പ്രകടമാക്കി.
1981-ൽ എം.ടി രചിച്ച് കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ‘ഓപ്പോൾ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. 1974-ൽ കെ.പി.കുമാരന്റെ ‘അതിഥി’യിലെയും 1978-ൽ നവോദയ അപ്പച്ചന്റെ ‘തച്ചോളി അമ്പു’ വിലെയും അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.


