കോഴിക്കോട്: കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് കെ സി ബി സിക്കെതിരായ വിമർശത്തിൽ നിലപാട് മാറ്റവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. മൃതദേഹം ഉപയോഗിച്ച് വിലപേശൽ സമരം നടത്തിയില്ല എന്ന ബിഷപ്പിന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു. സംഘർഷരഹിതമായി സമരങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് സർക്കാറിന്റെ നിലപാട്. കെ സി ബി സി നിലപാട് വ്യക്തമാക്കിയതിന് നന്ദി.
താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. വിലപേശൽ സമരം പാടില്ലെന്നാണ് പറഞ്ഞതിന്റെ രത്നച്ചുരുക്കം. അത്തരം സമരത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് കെ സി ബി സി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വനം മന്ത്രി എന്ന നിലയിൽ അത് തനിക്ക് ഊർജ്ജം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടി അരിക്കൊമ്പനെ മാറ്റിയതുപോലെ മാറ്റുക എന്നാണ് കരുതുന്നത്. എന്നാൽ അപ്പോൾ കോടതി ഇടപെടും. അതുകൊണ്ടാണ് അത്തരമൊരു നടപടിയിലേക്ക് പോകാൻ വനം വകുപ്പിന് കഴിയാത്തതെന്നും ശശീന്ദ്രൻ പറഞ്ഞു.


