ചേർത്തല: അരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. ചന്തിരൂർ സ്വദേശി ഫെലിക്സ് ആണ് മരിച്ചത്. ഇയാളുടെ മുഖത്തും തലയിലും കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് ഫെലിക്സ് മൂന്നാറിൽ നിന്ന് ചന്തിരൂരിൽ എത്തിയത്. രണ്ട് ബെെക്കുകളിലായി എത്തിയ സുഹൃത്തുക്കൾ ഫെലിക്സിനെയും കൊണ്ട് തൊട്ടടുത്ത പറമ്പിലേയ്ക്ക് പോകുകയായിരുന്നു. അവിടെ വച്ച് ഇവർ മദ്യപിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് മുഖത്തും തലയ്ക്കും പരിക്കേറ്റ നിലയിലാണ് ഫെലിക്സിനെ കാണുന്നത്. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കല്ലുകൊണ്ട് ഫെലിക്സിനെ തലക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.


