കൊച്ചി: ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചിരുന്ന പൊതുതാത്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. നോണ്‍ റിലിജീയസ് സിറ്റിസണ്‍സ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കോടതി നിയമനിര്‍മ്മാണ സമിതിയല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. പരാതിക്കാര്‍ക്ക് അവരുടെ വാദം കൃത്യമായി സമര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.
വെറും പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. നോണ്‍ റിലിജീയസ് സിറ്റിസണ്‍സിന് പുറമേ ടിഎം ആരിഫ് ഹുസൈന്‍, നൗഷാദ് അലി, ഷാഹുല്‍ ഹമീദ്, യാസീന്‍ എം, കെ അബ്ദുല്‍ കലാം എന്നിവരും ഹര്‍ജിയില്‍ പങ്കാളികളായിരുന്നു.
18 വയസ്സിന് മുന്‍പ് ചേലാകര്‍മ്മം നടത്തുന്നത് കുട്ടികളുടെ മൗലികാവശങ്ങളുടെ പച്ചയായ ലംഘനവും മനുഷ്യാവകാശ ലംഘനമാണെന്നുമായിരുന്നു ഹര്‍ജി. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ കുറ്റമാക്കുകയും വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ലൈംഗികത അടക്കം ഇത് വഴി ബാധിക്കപ്പെടുമെന്നും ഹർജിക്കാർ വാദമുന്നയിച്ചു. ഇതിനായി ലൈംഗികശേഷിയെ ബാധിക്കുമെന്ന സമർത്ഥിക്കുന്ന പഠനങ്ങളും കോടതിയിൽ സമർപ്പിക്കപ്പെട്ടു. രക്ഷിതാക്കൾക്ക് കുട്ടികൾക്ക് മേൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനാൽ ചേലാകർമ്മം നിരോധിക്കണമെന്നും ജാമ്യമില്ലാക്കുറ്റമാക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. ജീവേഷും എതിര്‍ഭാഗത്തിന് വേണ്ടി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ഹരീഷും ഹാജരായി.
2018 മാർച്ച് 1 ന് മുസ്ലീം സമുദായത്തിനിടയില്‍ അനുഷ്ടിച്ചു വരുന്ന ചേലാ കര്‍മ്മത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വവാദി പ്രതീഷ് വിശ്വനാഥിൻറെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ ആണ് ആദ്യം രംഗത്ത് വന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് അന്ന് പരാതി നല്‍കിയിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈനിന് വേണ്ടി എന്‍ അനില്‍ കുമാര്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയിരുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍, പരാതിക്കാരന് രസീതും നല്‍കിയിരുന്നു. 2018 മാർച്ച് 1 ഉച്ചയ്ക്ക് 1.18 നാണ് പരാതി സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ ബാലാവകാശ കമ്മീഷൻറെ ഭാഗത്തുനിന്നും 4 വർഷമായിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെങ്കിലും മുസ്ലിം കുട്ടികളുടെ ബാലാവകാശത്തെക്കുറിച്ച് വേവലാതിയുള്ള ഹിന്ദുത്വവാദികൾ പ്രസ്തുത ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഒരു ഹർജി ഫയൽ ചെയ്യാൻ മുസ്ലിം നാമധാരികളെ അന്വേഷിച്ചു പലരെയും സമീപിച്ചിരുന്നു. ഇതിൻറെ ഫോളോ അപ്പ് എന്നോണം ആണ് ഈയിടെ ഇത്തരത്തിൽ ഒരു ഹർജി കേരളഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടത്.
ആറ്റുകാല്‍ ക്ഷേത്രത്തിലും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും നടക്കുന്ന ബാലാവകാശ ലംഘനങ്ങൾക്ക് എതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെടുന്നതിനെ ചേലാകർമ്മത്തിന്റെ പേരില്‍ പ്രതിരോധിക്കുകയായിരുന്നു അവർ ഉദ്ദേശിച്ചിരുന്നത്.
ഹിന്ദുത്വവാദികളുടെ ഈ അജണ്ട ഏറ്റെടുത്തുകൊണ്ട് ഇതെന്തോ വലിയ യുക്തിവാദി പ്രവർത്തനമായി കൊട്ടിഘോഷിച്ചുകൊണ്ട് ചില യുക്തിവാദികൾ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടത്തിയിരുന്നു. മുസ്ലിം സമുദായത്തിൽ നിന്നും യുക്തിവാദികളായവർക്ക് അവരുടെ കുട്ടികളെ ചേലാകർമ്മം ചെയ്യിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ നിലവിലുണ്ട്. അങ്ങിനെ തങ്ങളുടെ കുട്ടികളെ ചേലാകർമ്മം ചെയ്യിക്കാത്ത നിരവധി യുക്തിവാദികൾ കേരളത്തിൽ ഉണ്ട്. എന്നാൽ ഹിന്ദുത്വവാദികളുടെ ചട്ടുകമായി നിന്നുകൊണ്ട് അവർ കൊടുത്ത കേസിൻറെ ഫോളോ അപ്പ് നടത്തുന്നതിനെ യുക്തിവാദ പ്രവർത്തനമായി വ്യാഖ്യാനിക്കുന്നവർക്കും ഇതിൻറെ പേരിൽ യുക്തിവാദികളെ ഒന്നടങ്കം തെറിവിളിക്കുന്നവർക്കും ഹൈക്കോടതി വിധിയോടെ ആശ്വാസമായിരിക്കുകയാണ്.


