കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ വിചാരണക്കോടതിയിൽ ഹാജരായി. പ്രോസിക്യൂഷന്റെ രണ്ടാംഘട്ട വിചാരണയ്ക്കായാണ് സാക്ഷിയായ മഞ്ജു ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിയത്. മുൻ ഭർത്താവായ ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിനായാണ് മഞ്ജുവിനെ കോടതിയിലേയ്ക്ക് വിളിപ്പിച്ചത്. ദിലീപിന്റെ ശബ്ദം ഡിജിറ്റൽ തെളിവിന്റെ ഭാഗമാണ്.
മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ദിലീപ് നേരത്തേ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് നിർദേശിച്ച സുപ്രീം കോടതി, നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷൻ തീരുമാനത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു. വിചാരണ വേഗം പൂർത്തിയാക്കണമെന്നും മാർച്ച് 24നകം പുരോഗതി റിപ്പോർട്ട് നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
മഞ്ജു വാര്യരെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നുമായിരുന്നു സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിച്ചത്. എന്നാൽ മഞ്ജു വാരിയര്‍ ഉള്‍പ്പെടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ച് സർക്കാരും സത്യവാങ്മൂലം നൽകി. ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിംഗ് ഉള്‍പ്പെടെയുളളവ നശിപ്പിച്ചത് തെളിയിക്കാനുമാണ് മഞ്ജുവിനെയും മറ്റ് മൂന്ന് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. തനിക്കെതിരായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ നിന്ന് പ്രോസിക്യൂഷനെ തടയാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
കേസിൽ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അതിജീവിതയും പ്രതികരിച്ചിരുന്നു. അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ആർ ബസന്ത് ആണ് ഇക്കാര്യം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. വിചാരണ വൈകുന്നതിന്റെ പേരിൽ വിസ്തരിക്കേണ്ട സാക്ഷികൾ ആരൊക്കെയാണെന്ന് പ്രതികൾ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


