Fri. Nov 20th, 2026

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ആവശ്യം അംഗീകരിച്ച് സി പി എം. ബിനു പുളിക്കക്കണ്ടത്തിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന ആവശ്യമാണ് അംഗീകരിച്ചത്. ജോസിന്‍ ബിനോയെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുള്ളത്. എല്‍ ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ജോസിന്‍ ബിനോയുടെ സ്ഥാനാര്‍ഥിത്വം കേരള കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. പത്തംഗ പാര്‍ലിമെന്ററി പാര്‍ട്ടി യോഗമാണ് അംഗീകാരം നല്‍കിയത്. ബിനു പുളിക്കക്കണ്ടത്തിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സി പി എം നീക്കത്തെ ചൊല്ലി ഇരു പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മുന്നണി ബന്ധത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന നിലയിലേക്ക് ഇത് വളര്‍ന്നിരുന്നു.

എല്‍ ഡി എഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വര്‍ഷം സി പി എമ്മാണ് ചെയര്‍മാന്‍ പദവിയിലിരിക്കേണ്ടത്. എന്നാല്‍ സി പി എമ്മിന്റെ ഏക കൗണ്‍സിലറായ ബിനു പുളിക്കകണ്ടത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. 11 മണിക്കാണ് നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്.

ചെയര്‍മാന്‍ വിഷയത്തില്‍ വാശി പിടിക്കരുതെന്ന് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ ജോസ് കെ മാണിയോട് സി പി എം ആവശ്യപ്പെട്ടിരുന്നു. ബിനു പുളിക്കക്കണ്ടത്തിനെതിരായ നിലപാടില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്മാറണമെന്നും പ്രാദേശിക തര്‍ക്കത്തിന്റെ പേരില്‍ മുന്നണി ബന്ധം വഷളാക്കുന്ന നിലപാടുകള്‍ സ്വീകരിക്കക്കരുതെന്ന ആവശ്യങ്ങളും മുന്നോട്ട് വച്ചിരുന്നു.