ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫേസ്ബുക്കിന് തെറ്റു പറ്റിയതായി തുറന്നു സമ്മതിച്ച് തലവന്‍ മാര്‍ക്ക് സക്കര്‍ബഗ്. രാഷ്ട്ര ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ നാലു ദിവസത്തെ മൗനം വെടിഞ്ഞാണ് സക്കര്‍ബര്‍ഗിന്റെ ഈ കുറ്റസമ്മതം. തങ്ങള്‍ക്ക് കൂടുതലായി പലതും ചെയ്യാനുണ്ടെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
ഉപഭോക്താവിന്റെ ഡേറ്റ സംരക്ഷിക്കാന്‍ ഫേസ്ബുക്കിന് ബാധ്യതയുണ്ടെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ തങ്ങള്‍ക്ക് നിങ്ങളെ സേവിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടിയോളം ഉപഭോക്താക്കളുടെ സ്വകാര്യ ഡേറ്റ ദുരുപയോഗം ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
2014 ല്‍ സുപ്രധാനമായ ചില നടപടികള്‍ തങ്ങള്‍ എടുത്തിരുന്നു. എന്നാല്‍, അത് നിലവില്‍ വരാന്‍ ഒരു കൊല്ലം എടുത്തുവെന്നും അതുകൊണ്ടാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ ഡേറ്റയിലേയ്ക്ക് നുഴഞ്ഞു കയറാനായതെന്നും അദ്ദേഹം പറഞ്ഞു.
ഓഡിറ്റിന് സമ്മതിക്കാത്ത ആപ്പുകളെ ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ ഒരു ആപ്പ് മൂന്നു മാസത്തേയ്ക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ അയാളുടെ ഡേറ്റയിലേയ്ക്ക് പിന്നെ ആപ്പിന് കടക്കാനാകില്ല. ആപ്പുകള്‍ ഏറ്റെടുക്കാവുന്ന ഡേറ്റ ഉപഭോക്താവിന്റെ പേര് പ്രൊഫൈല്‍ ഫോട്ടോ, ഇ മെയില്‍ എന്നിവയായി നിജപ്പെടുത്തും. കൂടുതല്‍ വേണമെങ്കില്‍ ആപ്പ് നിര്‍മ്മാതാവ് ഫേസ്ബുക്കുമായി ധാരണയില്‍ എത്തുകയും ഉപഭോക്താവിന്റെ അനുമതി വാങ്ങുകയും വേണമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.