Sun. Nov 22nd, 2026

മാദ്ധ്യമ പ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടോക് ഷോയായ നാം മുന്നോട്ട് എന്ന പരിപാടിയുടെ മുൻ പ്രൊഡ്യൂസർക്കെതിരെ നടപടി. പെൺകുട്ടിയുടെ പരാതിയുടെ തുടർന്ന് കണ്ണൂർ സ്വദേശിയായ സപ്നേഷിനെയാണ് സിഡിറ്റിൽ നിന്നും പുറത്താക്കിയത്.

സഹപ്രവർത്തകയായ മാദ്ധ്യമ പ്രവർത്തകയുടെ സഹായത്തോടെ ഇയാൾ തന്നെ പീഡിപ്പിക്കുവാൻ ശ്രമിച്ചെന്നാണ് പെൺകുട്ടി പരാതി നൽകിയത്. ജനുവരിയിൽ തന്നെ സിഡിറ്റ് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പെൺകുട്ടി ആരോപിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് സിഡിറ്റ് നടപടിയെടുത്തത്.

കഴിഞ്ഞ സെപ്തംബറിൽ ഒരു വനിതാ റിപ്പോർട്ടറും സപ്നേഷും ചേർന്ന് തന്നെ ഇയാളുടെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവിടെ വച്ച് മദ്യപിച്ച ഇരുവരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് പെൺകുട്ടിയുടെ പരാതി. ഇരുവരും ചേർന്ന് തന്നെയും മദ്യപിക്കാൻ നിർബന്ധിച്ചുവെന്നും ഇത് നിരസിച്ചതോടെ റൂമിൽ പൂട്ടിയിട്ടാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു. എന്നാൽ കുതറി ഓടിയതിനാൽ ഇവരുടെ ശ്രമം വിജയിച്ചില്ല. ഇക്കാര്യം പുറത്ത് പറഞ്ഞാൽ ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി. ഭയം കാരണം പുറത്ത് പറഞ്ഞില്ലെന്നും എന്നാൽ ഭീഷണി തുടർന്നപ്പോഴാണ് പരാതി കൊടുത്തതെന്നും പെൺകുട്ടി പറയുന്നു.