Sat. Sep 19th, 2026

സൂരി നായകനാകുന്ന പുതിയ ചിത്രം ‘മണ്ടാടി’ സെപ്റ്റംബർ 10-ന് ആഗോളതലത്തിൽ റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ള ശക്തമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇന്ന് ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. സാധാരണ തിയറ്ററുകൾക്ക് പുറമെ ഐമാക്സിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ‘സെൽഫി’ക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആർ.എസ്. ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ്. ചിത്രത്തിന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിലൂടെ ഗോകുലം ഗോപാലൻ സ്വന്തമാക്കിയിരിക്കുന്നു.

കടലോര പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ആക്ഷൻ ഡ്രാമയാണ് ‘മണ്ടാടി’. തമിഴ്നാടിന്റെ 100 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ ഒരു കായികയിനത്തെയും സെയിലിംഗ് ബോട്ട് മത്സരത്തെയും കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. ഈ മത്സരത്തിൽ പങ്കെടുക്കുന്ന മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’. സൂരിയെ ഇതുവരെ കാണാത്തവിധം മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക് താരം സുഹാസ് വില്ലനായി എത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക.

സൂരിക്ക് പുറമെ പ്രശസ്ത നടൻ സത്യരാജ് നിർണ്ണായക വേഷത്തിലെത്തുന്ന ചിത്രത്തിൽ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് കുമാർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.ആർ. കതിറും എഡിറ്റിംഗ് പ്രദീപ് ഇ. രാഘവുമാണ് കൈകാര്യം ചെയ്യുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.



 

Leave a Reply