ന്യൂഡല്‍ഹി: വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ പാടിയാല്‍ മതിയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനമായി. സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് ആശയവിനിമയത്തിലെ പ്രശ്‌നം മാത്രമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ജനഗണമനയും വന്ദേമാതരവും കോണ്‍ഗ്രസിന് വൈകാരികമാണെന്നും ബി ജെ പിക്ക് ഇതെല്ലാം രാഷ്ടീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ ആലപിച്ച സംഭവത്തില്‍ പലതവണ വ്യക്തത വരുത്തിയതാണ്. ആ വിഷയം അതോടെ കഴിഞ്ഞു. മറ്റ് വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനായാണ് ബി ജെ പി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളില്‍ നിന്നുള്‍പ്പെടെ ശ്രദ്ധ തിരിക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
അയോധ്യ രാമക്ഷേത്ര കൊള്ള ദേശീയപ്രശ്‌നമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടും. രാഹുല്‍ ഗാന്ധി ഒരേസമയം കര്‍ഷകര്‍ക്കൊപ്പവും വിദ്യാര്‍ഥികള്‍ക്കൊപ്പവും നില്‍ക്കും. നിലവിലുള്ള ലോകസഭാ സീറ്റുകളില്‍ തന്നെ സംവരണം നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രവര്‍ത്തക സമിതി യോഗം നീണ്ടുപോയതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശനും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ച നടന്നില്ല. വി.ഡി സതീശന്‍ ചെന്നൈയിലേക്ക് മടങ്ങി. രമേശ് ചെന്നിത്തല നാളെ പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തിയേക്കും. പരമാവധി വേഗത്തില്‍ കെ പി സി സി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് ദീപാദാസ് മുന്‍ഷി അറിയിച്ചു.


