2026 ഫിഫ ലോകകപ്പിന്റെ കാനഡയിലെ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. കാനഡയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് നടി നോറ ഫത്തേഹി പ്രകടനം നടത്തിയതിനെ ചോദ്യം ചെയ്ത് ഒരു കനേഡിയൻ വനിത രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് തിരിതെളിച്ചത്. ടൊറന്റോയിലെ ബിഎംഒ ഫീൽഡിൽ നടന്ന ആഘോഷത്തിനിടെ നോറ തന്റെ ഹിറ്റ് ഗാനമായ ‘സിഐആർ സിഐആർ’ (CIR CIR) അവതരിപ്പിച്ചത് കനേഡിയൻ സംസ്കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു സ്ത്രീയുടെ വാദം.
ചുവന്ന ടീ-ഷർട്ടും കറുത്ത തൊപ്പിയും ധരിച്ച ആ സ്ത്രീ വീഡിയോയിൽ രോഷാകുലയായി ചോദിക്കുന്നത് ഇതാണ്: “ഞങ്ങൾ കനേഡിയൻമാരാണ്, ഇന്ത്യൻ സിനിമയുമായി ഞങ്ങൾക്ക് എന്താണ് ബന്ധം? എന്തിനാണ് കാനഡയുടെ വേദിയിൽ ഒരു ഇന്ത്യൻ നടി പ്രകടനം നടത്തുന്നത്?” നാല് ലക്ഷത്തിലധികം പേർ കണ്ട ഈ വൈറൽ വീഡിയോയിൽ, നോറയുടെ പ്രകടനം കനേഡിയൻ തനിമയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അവർ ആവർത്തിക്കുന്നു.

എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ പ്രതിഷേധക്കാരിയെ തന്നെ തിരുത്തുന്നതായിരുന്നു. നോറ ഫത്തേഹിയുടെ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ടാണ് മിക്കവരും മറുപടി നൽകിയത്,
നോറ ഫത്തേഹി ഇന്ത്യൻ സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർ യഥാർത്ഥത്തിൽ മൊറോക്കൻ വംശജയായ കനേഡിയൻ പൗരയാണ്. ടൊറന്റോയിൽ ജനിച്ചുവളർന്ന അവർക്ക് കാനഡയുമായി നേരിട്ട് ബന്ധമുണ്ട്. ഇത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ കപ്പ് അല്ലെന്നും ഫിഫ ലോകകപ്പാണെന്നും പലരും ഓർമ്മിപ്പിച്ചു. മറ്റ് ആതിഥേയ രാജ്യങ്ങളിലെ ഉദ്ഘാടന ചടങ്ങുകളിലും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുത്തിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഒപ്പം കാനഡ ഒരു കുടിയേറ്റ രാജ്യമാണെന്നും, യൂറോപ്യൻ കുടിയേറ്റക്കാരുടെ പിൻഗാമികളാണ് പ്രതിഷേധിക്കുന്നവർ ഉൾപ്പെടെയുള്ളവരെന്നും ചിലർ പരിഹാസരൂപേണ ഓർമ്മിപ്പിച്ചു.


