മലയാളികളുടെ പ്രിയതാരം മധുബാലയും മികച്ച നടൻ ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ചിന്ന ചിന്ന ആസൈ’ തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുന്നു. വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. അഭിജിത് ബാബുജി ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം, മധുബാലയുടെ മലയാളത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ്. ‘എന്റെ നാരായണിക്ക്’ എന്ന ശ്രദ്ധേയമായ ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.
വാരണാസിയുടെ പശ്ചാത്തലത്തിൽ പൂർണ്ണമായും ചിത്രീകരിച്ച ഈ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ചിത്രത്തിന്റെ രചനയും വർഷാ വാസുദേവ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇന്ദ്രൻസും മധുബാലയും ഒത്തുചേരുമ്പോൾ ഹൃദ്യമായ ഒരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

