മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ റിലീസിന് തയ്യാറെടുക്കുന്നു. ‘2018’ എന്ന വൻവിജയത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് 7-നാണ് ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്. നവംബറിൽ കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിച്ച ഈ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൃഥ്വിരാജ് ചിത്രം എമ്പുരാനിലൂടെ അഭിനയരംഗത്തെത്തിയ ആശിഷ്, ഈ സിനിമയിലൂടെയാണ് ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നത്. ഒരു കൊച്ചു കുടുംബചിത്രം എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചതെങ്കിലും പ്രേക്ഷകർക്കായി വലിയ വിസ്മയങ്ങൾ തന്നെ സിനിമ കരുതിവെച്ചിട്ടുണ്ടെന്നാണ് സൂചന.
സിനിമയിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന് മോഹൻലാലിന്റെ സാന്നിധ്യമാണ്. ചിത്രത്തിൽ അദ്ദേഹം അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന വാർത്തകൾ സിനിമാ പ്രേമികളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ലാലിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഗസ്റ്റിലെ ഫെസ്റ്റിവൽ സീസൺ ലക്ഷ്യം വെച്ചെത്തുന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

