മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘അതിരടി’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ടൊവിനോ തോമസും ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു പക്കാ ക്യാമ്പസ് ആക്ഷൻ-കോമഡി ത്രില്ലറാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് തിയറ്ററുകളിലെത്തും.

‘സാം ബോയ്’ എന്ന സ്റ്റൈലിഷ് കോളേജ് വിദ്യാർത്ഥിയായി ബേസിൽ എത്തുന്നത്. ‘ശ്രീക്കുട്ടൻ വെള്ളായണി’ എന്ന ഗായകന്റെ മാസ് വേഷത്തിലാണ് ടൊവിനോ എത്തുന്നത്. വിനീത് ശ്രീനിവാസൻ, റിയ ഷിബു, സരിൻ ഷിഹാബ്, ഷാൻ റഹ്മാൻ തുടങ്ങിയവർ ചിത്രത്തിലുണ്ട്. ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയായ ഈ ചിത്രം അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സും ചേർന്നാണ് നിർമ്മിക്കുന്നത്. സമീർ താഹിറും ടൊവിനോ തോമസും കോ-പ്രൊഡ്യൂസർമാരാണ്.
മിന്നൽ മുരളിക്ക് ശേഷം ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പാണ് ‘അതിരടി’ക്ക് ലഭിക്കുന്നത്. ട്രെയിലറിൽ ഇരുവരും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. നാളെ ചിത്രം വെള്ളിത്തിരയിലെത്തുമ്പോൾ ഈ കൂട്ടുകെട്ട് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഛായാഗ്രഹണം സാമുവൽ ഹെൻറി, സംഗീതം വിഷ്ണു വിജയ്, എഡിറ്റർ ചമൻ ചാക്കോ, പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പർ, പിആർഒ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

