Tue. Nov 24th, 2026

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നിർണ്ണായകമായ ഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളും ഇറാനുമായുള്ള വെടിനിർത്തലിന് ശേഷമുള്ള അന്തരീക്ഷവുമാണ് 40 മിനിറ്റ് നീണ്ട ചർച്ചയിൽ പ്രധാനമായും വിഷയമായത്. വെടിനിർത്തലിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. ‘മൈ ഫ്രണ്ട്’ എന്ന് സംബോധന ചെയ്തുകൊണ്ട് ട്രംപ് വിളിച്ച കാര്യം പ്രധാനമന്ത്രി തന്നെയാണ് എക്‌സിലൂടെ ലോകത്തെ അറിയിച്ചത്.

ലോകത്തെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സമില്ലാതെ തുടരേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചർച്ചയിൽ ഊന്നിപ്പറഞ്ഞു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി. പശ്ചിമേഷ്യയിൽ സ്ഥിരത ഉറപ്പാക്കാൻ ഇന്ത്യയും അമേരിക്കയും സംയുക്തമായി പ്രവർത്തിക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി. വിവിധ മേഖലകളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതിയും ചർച്ചയിൽ വിലയിരുത്തപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ‘സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം’ കൂടുതൽ ശക്തിപ്പെടുത്താൻ നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കാനും ആഗോള വിപണിയെ ബാധിക്കുന്ന തരത്തിലുള്ള പ്രതിസന്ധികൾ ഒഴിവാക്കാനും സംയുക്ത നീക്കങ്ങൾ ഉണ്ടാകുമെന്നാണ് ചർച്ച നൽകുന്ന സൂചന.