Sun. Nov 22nd, 2026

ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ഏറെ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ പാർലമെന്റ് വളപ്പിൽ നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ശനിയാഴ്ച സാമൂഹിക പരിഷ്കർത്താവ് മഹാത്മ ജ്യോതിറാവു ഫൂലെയുടെ 200 മത്തെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴാണ് നേതാക്കൾ തമ്മിൽ കണ്ടുമുട്ടിയതും ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ അപൂർവ്വ കാഴ്ച വൈറൽ ആയതും.

ചടങ്ങിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, അർജുൻ റാം മേഘ്‌വാൾ എന്നിവർക്കൊപ്പം രാഹുൽ ഗാന്ധിയെയും അഭിവാദ്യം ചെയ്തു. തുടർന്ന് അദ്ദേഹം രാഹുൽ ഗാന്ധിയുമായി കുറച്ചുസമയം സംസാരിച്ചു നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.