വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകൻ’ റിലീസിന് മുൻപേ ഇന്റർനെറ്റിൽ ചോർന്നത് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഇൻട്രോ രംഗങ്ങൾ, ടൈറ്റിൽ കാർഡ്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന “ദളപതി കച്ചേരി” എന്ന ഗാനത്തിന്റെ ഭാഗങ്ങൾ എന്നിവയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതോടെ, പൈറേറ്റഡ് ഉള്ളടക്കമോ അനധികൃത ക്ലിപ്പുകളോ എക്സ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്നവർക്കെതിരെ കർശനമായ സിവിൽ-ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മുന്നറിയിപ്പ് നൽകി. തങ്ങളുടെ നിയമോപദേശകർ മുഖേന ഇതിനകം തന്നെ ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും നിർമ്മാതാക്കൾ വ്യക്തമാക്കി.

സിനിമ ചോർന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി തമിഴ് താരം ശിവകാർത്തികേയൻ രംഗത്തെത്തിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനവും വിയർപ്പും അടങ്ങിയതാണ് ഓരോ സിനിമയെന്നും, പ്രേക്ഷകർ ദയവായി തിയേറ്ററുകളിൽ എത്തി തന്നെ സിനിമ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സിനിമാ മേഖലയോടും കഴിവിനോടും ആദരവ് കാണിക്കണമെന്നും ഇത്തരത്തിൽ നിയമവിരുദ്ധമായി സിനിമ പ്രചരിപ്പിക്കുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയെ സ്നേഹിക്കുന്നവരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും വലിയ പിന്തുണയാണ് നിർമ്മാതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലുണ്ടായ കാലതാമസവും വിവാദങ്ങളും കാരണം ചിത്രത്തിന്റെ റിലീസ് നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്നു. 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ‘ജനനായകൻ’ അനിശ്ചിതത്വത്തിൽ നിൽക്കുന്നതിനിടയിലാണ് പുതിയ തിരിച്ചടിയായി ഈ ചോർച്ച സംഭവിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി സിനിമ പ്രചരിപ്പിക്കുന്ന ലിങ്കുകളും അക്കൗണ്ടുകളും കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള നിരീക്ഷണം അധികൃതർ കർശനമാക്കിയിട്ടുണ്ട്. വിജയ്യുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പിലുള്ള ഈ സിനിമയെ തകർക്കാനുള്ള നീക്കമാണിതെന്നാണ് ആരാധകരുടെ ആരോപണം.

