ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ഭീഷ്മർ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ ഖൽബില് മൊട്ടിട്ടൊരിഷ്ടം’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനമാണ് ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. അനില രാജീവിന്റെ ആലാപനം ഗാനത്തിന് കൂടുതൽ മിഴിവേകുന്നു. പ്രണയവും സംഗീതവും കോർത്തിണക്കിയ ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിയ ‘ഭീഷ്മർ’ മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. വീക്കെന്റുകളിൽ ഹൗസ്ഫുൾ ഷോകൾ ലഭിച്ച ചിത്രത്തിന് ആദ്യ പ്രവൃത്തിദിവസങ്ങളിലും മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘കള്ളനും ഭഗവതിയും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദിവ്യ പിള്ള, അമ്മേര എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അൻസാജ് ഗോപിയുടെ കഥയ്ക്ക് രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. രഞ്ജിൻ രാജിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കരുത്താണ്. റിലീസിന് പിന്നാലെ ഗാനങ്ങൾ കൂടി പുറത്തുവന്നതോടെ വരും ദിവസങ്ങളിലും തിയേറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.


