വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കം ഏകദേശം പൂർത്തീകരിച്ചതായി അമേരിക്കൻ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ അറിയിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധ ഉൽപ്പാദന ശേഷി, നാവിക ശക്തി തുടങ്ങിയ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ തകർക്കുന്നതിൽ സൈന്യം വലിയ വിജയം നേടിയതായും അദ്ദേഹം അവകാശപ്പെട്ടു. പ്രധാന ലക്ഷ്യങ്ങൾ ഭൂരിഭാഗവും കൈവരിച്ച സാഹചര്യത്തിൽ ദൗത്യം അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ‘ദി ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ഭീഷണികൾ സൈനിക നടപടി നീണ്ടുപോകാൻ കാരണമായതായി ജോൺസൺ സമ്മതിച്ചു. മേഖലയിലെ സഖ്യകക്ഷികളിൽ നിന്ന് പ്രതീക്ഷിച്ചത്ര പിന്തുണ ലഭിക്കാത്തത് പ്രവർത്തനങ്ങളിൽ ചില പരിമിതികൾ ഉണ്ടാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. എങ്കിലും സുരക്ഷാ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകാനാണ് അമേരിക്കൻ നീക്കം.
മേഖലയിൽ പൂർണ്ണമായ സ്ഥിരത പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ ദൗത്യം “പൂർത്തിയായി” എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ജോൺസൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ സൈനിക നടപടികൾ ഇറാൻ്റെ പ്രത്യാക്രമണ ശേഷിയെ ഗണ്യമായി കുറച്ചതായും പശ്ചിമേഷ്യയിൽ അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

