Sat. Nov 21st, 2026

അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘നാഗബന്ധം’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിലെ ആദ്യ ഗാനമായ “നമോ രേ” അഞ്ച് ഭാഷകളിലായി പുറത്തിറങ്ങി. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് ഈണമിട്ട ഈ ഗാനത്തിന്റെ മലയാളം പതിപ്പ് രാജീവ് എൻ കൃഷ്ണയുടെ വരികളിൽ അരുണ മേരി ജോർജ് ആണ് ആലപിച്ചിരിക്കുന്നത്. നാരായണ സ്തുതിയായി ഒരുക്കിയ ഈ ഗാനം പരമ്പരാഗത സംഗീതവും ആധുനിക ശൈലിയും ഒത്തുചേരുന്ന ഒന്നാണ്.

ഏകദേശം ആയിരത്തോളം നർത്തകർ അണിനിരക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്നതാണ്. ഗണേഷ് ആചാര്യയും ശ്രാസ്തി വർമ്മയും ചേർന്നാണ് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അശോക് കുമാറിന്റെ ഗംഭീരമായ സെറ്റുകളും സൗന്ദർ രാജന്റെ ഛായാഗ്രഹണവും ഗാനത്തിന്റെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നു. ആത്മീയതയും കലയും തമ്മിലുള്ള ബന്ധം വരച്ചുകാട്ടുന്ന ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിട്ടുണ്ട്.

ചരിത്രവും പുരാണങ്ങളും ആത്മീയ യുദ്ധവും കോർത്തിണക്കിയാണ് അഭിഷേക് നാമ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അഫ്ഗാൻ അധിനിവേശ ചരിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. വിഎഫ്എക്സിനും നിർമ്മാണ മൂല്യങ്ങൾക്കും അതീവ പ്രാധാന്യം നൽകുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ സാങ്കേതിക നിലവാരത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.