Fri. Nov 20th, 2026

✍️ സുരേഷ്. സി.ആർ

കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരിൽ ഒരാളും കല്ലുവഴി ചിട്ടയുടെ ഏറ്റവും ശക്തനായ പ്രയോക്താവും ആചാര്യനും ആയിരുന്നു കലാമണ്ഡലം രാമൻകുട്ടി നായർ (1925 – 2013) .

കഥകളി വടക്കൻ ചിട്ടയുടെ ശൈലിയും ശീലങ്ങളും ലാവണ്യശാസ്ത്ര നിയമമായി മാറിയത് കലാമണ്ഡലം രാമൻ കുട്ടി നായർ എന്ന മഹാനടന്‍റെ പതിറ്റാണ്ടുകളുടെ അഭിനയം കൊണ്ടാണ്. അദ്ദേഹത്തെ ഒരു മാനകമായി സ്വീകരിച്ചാണ് വടക്കൻ കളി ഭ്രാന്തുകാർ അഭിനയത്തേയും വേഷത്തേയും ചമയത്തേയുമെല്ലാം അളക്കുന്നത്.

ഒറ്റപ്പാലത്ത് ജനനം. പതിമൂന്നാം വയസിൽ കലാമണ്ഡലത്തിൽ കഥകളി വിദ്യാർത്ഥിയായി ചേർന്നു. അദ്ധ്യാപകനായും പ്രിൻസിപ്പാളായും നാല്‍പതിലേറെ കൊല്ലം അവിടെ പ്രവർത്തിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോനാണ് ഗുരു. കലാമണ്ഡലം ഗോപിയുൾപ്പടെ ഒട്ടേറെ പ്രഗൽഭർ അദേഹത്തിന്റെ ശിഷ്യരാണ്.

രാവണോല്‍ഭവത്തിലെയും ബാലിവിജയത്തിലെയും രാവണൻ, തോരണയുദ്ധത്തിലെ ഹനുമാൻ, നരകാസുരൻ, ദുർവാസാവ്, കിർമ്മീരവധത്തിലെ ധർമ്മപുത്രർ, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അർജുനൻ തുടങ്ങിയവയാണ് പ്രധാന വേഷങ്ങൾ.

വീരശൃംഖല മൂന്നു തവണയും, കാളിദാസ പുരസ്കാരം, സംസ്ഥാനത്തിന്‍റെ കഥകളീ പുരസ്കാരം, കേരള-കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡുകളും ഫെലോഷിപ്പുകളും ലഭിച്ചു. അദ്ദേഹത്തിൻറെ ആത്മകഥാകുറിപ്പായ ‘തിരനോട്ടം’ ഒരു കാലഘട്ടത്തിന്‍റെ കഥകളി ചരിത്രമാണ്.