Sun. Nov 22nd, 2026

​എറണാകുളം: ലൈംഗികാതിക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ‘സീറോ ടോളറൻസ് – കേരള’ (ZeTo – Zero Tolerance to Sexual Violence) എന്ന പുതിയ ജനകീയ മുന്നേറ്റത്തിന് തുടക്കമാകുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് 7-ന് എറണാകുളം വഞ്ചി സ്ക്വയറിൽ വെച്ച് വൈകിട്ട് 3 മണി മുതൽ 7 മണി വരെ നടക്കുന്ന ചടങ്ങിൽ കാമ്പെയ്‌ൻ ഔദ്യോഗികമായി ഉദ്ഘടനം ചെയ്യും.

​സ്ത്രീകൾക്കും കുട്ടികൾക്കും ക്വിയർ (Queer) വ്യക്തികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ ശക്തമായ സാമൂഹിക-രാഷ്ട്രീയ നിലപാട് സ്വീകരിക്കുക എന്നതാണ് ഈ കാമ്പെയ്‌ന്റെ ലക്ഷ്യം. ലൈംഗികാതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, അവ പുരുഷാധിപത്യ സാമൂഹിക ഘടനയുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങളാണെന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു. ഈ അതിക്രമങ്ങൾക്കെതിരെയുള്ള മൗനം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, അതിനായി ‘സീറോ ടോളറൻസ്’ എന്ന ഉറച്ച നിലപാട് സമൂഹം സ്വീകരിക്കണമെന്നും കാമ്പെയ്‌ൻ ആഹ്വാനം ചെയ്യുന്നു.

​​‘സീറോ ടോളറൻസ്’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്:

  • ​ലൈംഗികാതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ല.
  • ​അതിജീവിതരുടെ ശബ്ദം കേൾക്കപ്പെടണം.
  • ​പരാതികൾക്ക് ഗൗരവമുള്ള പരിഗണന നൽകണം.
  • ​സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം.
  • ​നീതി വൈകാതെ ഉറപ്പാക്കണം.
  • ​പൊതു ഉത്തരവാദിത്തം ഉറപ്പാക്കണം.

​ഈ കൂട്ടായ്മയുടെ ഭാഗമായി അതിജീവിതർക്കൊപ്പം നിൽക്കാനും നീതിക്കായി നിലകൊള്ളാനും സംഘാടകർ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

ഫോൺ: 90489 90540, 94470 49181

ഇമെയിൽ: contact@zetomovement.org