തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുപ്രസിദ്ധ ഗുണ്ടകളെ കൂട്ടത്തോടെ അകത്താക്കി പോലീസ്. ഓംപ്രകാശ് ഉള്‍പ്പെടെയുള്ള ഗുണ്ടകളെയാണ് പോലീസ് പിടികൂടി കരുതല്‍ തടങ്കലില്‍ ആക്കിയിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 82 പേരെയും പിടികൂടിയിരിക്കുന്നത്.

വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 82 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല, തെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍കണ്ടാണ് നടപടി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓംപ്രകാശ്, പൊക്കം ഷാജി, എയര്‍പോര്‍ട്ട് ഡാനി, സൈഫാന് എന്നിവരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ട്.
സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് കെ. ഐപിഎസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശോധന നടന്നത്. പേരൂർക്കട, വട്ടിയൂർക്കാവ്, തുമ്പ, കഴക്കൂട്ടം എന്നീ സ്റ്റേഷൻ പരിധികളിലും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, കോളനികൾ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.


