പുതുവർഷത്തിലെ പുതുമയാർന്ന റിലീസുകളിലൊന്നായി ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രകമ്പനത്തിന്റെ ടീസർ പുറത്തിറങ്ങി. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ വർഷം ആദ്യ പകുതിയിലേ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഒരു കംപ്ലീറ്റ് ഹൊറർ കോമഡി എന്റർടെയ്‌നറിന്റെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്ന ടീസറാണ് പുറത്തിറങ്ങിയത്. ഒരു നിമിഷം പോലും കണ്ണെടുക്കാതെ ആകാംക്ഷയോടെയും ഉദ്വേഗത്തോടെയും കാണിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

ഹോസ്റ്റൽ ജീവിതവും അതിന്റെ രസകരമായ മുഹൂർത്തങ്ങളും പശ്ചാത്തലമാകുന്ന ഈ ചിത്രം, കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലിനെയും കണ്ണൂരിനെയും ആസ്പദമാക്കിയാണ് കഥ പറയുന്നത്. ഗണപതിയെയും സാഗർ സൂര്യയെയും കൂടാതെ ശീതൾ ജോസഫ്, അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പണി എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ സാഗർ സൂര്യയും, സ്വതസിദ്ധമായ ഹാസ്യശൈലിയിലൂടെ പ്രേക്ഷകരെ കീഴടക്കിയ ഗണപതിയും ഒരുമിക്കുന്നതോടെ പ്രകമ്പനം സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകളാണ് ഉയർത്തുന്നത്.
ചിത്രം മുഴുവനായും രസകരമായി തോന്നിയതിനാലാണ് നിർമ്മാണത്തിൽ പങ്കാളിയാകാൻ തീരുമാനിച്ചതെന്ന് കാർത്തിക് സുബ്ബരാജ് വ്യക്തമാക്കിയിരുന്നു. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീജിത്ത് കെ എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ–പ്രൊഡ്യൂസേഴ്സായി വിവേക് വിശ്വം ഐ എം, പി മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി എന്നിവരും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി അഭിജിത്ത് സുരേഷും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കനാണ്.

