Fri. Oct 9th, 2026

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വിജയ് യേശുദാസ് ആലപിച്ച ‘ഈ രാത്രിയിൽ’ എന്ന സംഗീത ആൽബം തരംഗമാകുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ കവർന്ന ഗാനം ഇതിനോടകം 23 അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലായി ഒരു മില്യണിലധികം പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. ക്രിസ്മസ് ഗാനങ്ങളുടെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി രാജീവ് ആലുങ്കൽ രചിച്ച വരികൾക്ക് സൽജിൻ കളപ്പുരയാണ് സംഗീതം നൽകിയിരിക്കുന്നത്. വിജയ് യേശുദാസിന്റെ ‘വി കമ്പനി’യാണ് ഈ മനോഹര ഗാനം പുറത്തിറക്കിയിരിക്കുന്നത്.

മലയാള സംഗീത രംഗത്ത് പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് ഹോളിവുഡ് ഒപ്പേറ സിംഗർ ബ്രിജിറ്റി ഹൂൾ ഈ ഗാനത്തിന് ശബ്ദം പകർന്നിരിക്കുന്നു എന്നതാണ് ഈ ആൽബത്തിന്റെ പ്രധാന സവിശേഷത. പ്രശസ്ത സംഗീതജ്ഞൻ ബിജു പൗലോസിന്റെ ഓർക്കസ്ട്രേഷനും ഗാനത്തിന് ആഗോള നിലവാരം നൽകുന്നു. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ഈ ആൽബം ഇതിനോടകം തന്നെ കേരളത്തിലെ നിരവധി ആരാധനാലയങ്ങളിലെ ഗായകസംഘങ്ങൾ ഏറ്റുപാടിക്കഴിഞ്ഞു. ഹോളിവുഡ് സംഗീതത്തിന്റെ അകമ്പടിയോടെ എത്തിയ ഈ ക്രിസ്മസ് സമ്മാനം മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ആൽബത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഇതിനുമുമ്പ് കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര തുടങ്ങി പ്രമുഖ ഗായകർക്കുവേണ്ടി ഗാനങ്ങളൊരുക്കിയ സൽജിൻ കളപ്പുര ഈ ആൽബത്തിന്റെ വിജയത്തോടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. സംഗീത പ്രേമികൾക്കിടയിൽ ഈ രാത്രിയിലെ ഓരോ ഈണവും ഇപ്പോൾ ക്രിസ്മസ് കാലത്തെ പ്രിയപ്പെട്ട ഈണങ്ങളായി മാറിക്കഴിഞ്ഞു.