ആദിത്യ ധർ സംവിധാനം നിർവ്വഹിച്ച മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘ധുരന്ദർ’ മികച്ച പ്രതികരണവുമായി മുന്നേറുന്നു. രണ്വീര് സിംഗ് നായകനായ ഈ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 280 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്, കൂടാതെ വയലൻസിന്റെ പേരിൽ കട്ടുകളും നിർദ്ദേശിച്ചിരുന്നു. മൂന്ന് മണിക്കൂർ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. പ്രമുഖ ട്രേഡ് അനലിസ്റ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ‘ധുരന്ദർ’ ഓപ്പണിംഗ് ദിനത്തിൽ ആഗോളതലത്തിൽ 32.5 കോടി രൂപയും ഇന്ത്യയിൽ നെറ്റ് കളക്ഷനായി 27 കോടി രൂപയും നേടിയിട്ടുണ്ട്.

‘ധുരന്ദർ’ സിനിമയുടെ ടൈറ്റിൽ ട്രാക്ക് നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്ന് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം, ആധുനിക ഹിപ്-ഹോപ്പ്, പഞ്ചാബി സ്റ്റൈൽ, സിനിമാറ്റിക് ഗ്രിറ്റ് എന്നിവയുടെ മികച്ച സംയോജനമാണ്. ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൗർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, ബാബു സിംഗ് മാൻ എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഹനുമാൻകൈൻഡിന്റെ ആദ്യ ബോളിവുഡ് പ്രൊജക്റ്റ് കൂടിയാണിത്.
‘ഉറി: ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിത്യ ധർ രചനയും സംവിധാനവും നിർവ്വഹിച്ച ‘ധുരന്ദർ’ ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് തീയേറ്ററുകളിൽ എത്തിയത്. അജ്ഞാതരായ ചില പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള, ഇതുവരെ പറയപ്പെടാത്ത കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച ഈ ചിത്രം ജിയോ സ്റ്റുഡിയോസാണ് അവതരിപ്പിച്ചത്. വികാഷ് നൗലാഖ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു.

